വിരുന്നുകാരനാണ് പ്രവാസി ഭര്‍ത്താവ്; ഇത് പ്രണയമോ പാരയോ?

പ്രവാസികള്‍ക്ക് സ്വന്തം സഖിതന്നെ പാരയാണെന്ന് തോന്നിപ്പോകുന്ന ചില നിമിഷങ്ങളുണ്ടാകാറുണ്ട്. വാട്‌സ്ആപ്പാണ് അതില്‍ വില്ലന്‍. 'എന്നും കൂടെ കാണുമെന്ന ഉടമ്പടിയില്‍ കൈപിടിച്ച് കൊണ്ട് വന്ന പെണ്ണിന് വിരുന്നുകാരനാവാന്‍ വിധിക്കപ്പെട്ടവനാണ് പ്രവാസി'
വാട്‌സ് ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന ഭാര്യമാരുടെ ഇത്തരം സന്ദേശങ്ങള്‍ പ്രണയമായോ പാരയായോ ആയി തോന്നിയേക്കാം.
വായിക്കുന്ന സന്ദര്‍ഭത്തിനനുസരിച്ചിരിക്കും. പാരയായി തോന്നിയെങ്കില്‍ ആ ദിവസത്തെ സകല മൂഡും അതോടെ പോകും. സിരകളില്‍ കോപം കത്തിപ്പടരും.
അവളയച്ചതിനേക്കാള്‍ കടുപ്പമുള്ളത് നിങ്ങളയച്ചെന്നും വരാം.
ചിലപ്പോള്‍ അസമയത്ത് അവള്‍ കോള്‍ ചെയ്‌തെന്നും വരാം
അറ്റന്റ് ചെയ്താല്‍ പറയും വെറുതെ അടിച്ചതാണ്.
നിങ്ങള്‍ക്ക് കലികയറി കടല്‍ ചാടികടന്ന് ചുട്ട അടി കൊടുക്കാന്‍ തോന്നിയേക്കാം. പലതും പറഞ്ഞെന്നും വന്നേക്കാം.
കുടുംബിനിയുടെ വികൃതികള്‍പോലും കുസൃതികളായി കാണാനുള്ള കഴിവും മാനസികവിശാലതയും പ്രവാസികളായ നാം നേടിയെടുക്കണം.
നമ്മുടെ അസാന്നിധ്യം ചിലപ്പോള്‍ കുറുമ്പായും കുശുമ്പായും ക്ലേശമായും അവര്‍ പ്രകടിപ്പിച്ചെന്ന് വരാം. ഇതൊന്നും വെറുപ്പിക്കലായി വിലയിരുത്തേണ്ടതില്ല. ഭര്‍ത്താവ് എന്ന നിലയില്‍ നമുക്ക് ചില ഉത്തര വിദിത്തങ്ങളുണ്ട്. അത് സദാസമയം ഓര്‍മ്മയിലുണ്ടാകണം.
ഇണകളോട് നമുക്കുള്ള കടപ്പാടുകള്‍ എന്തൊക്കെയാണ്?
മുഹമ്മദ് നബി ( സ ) യോട് ഒരനുചരന്‍ തിരക്കി. അവകള്‍ എണ്ണിയെണ്ണി പറയുന്ന കൂട്ടത്തില്‍ പറഞ്ഞു. നിങ്ങള്‍ അവളെ നാണം കെടുത്തരുതേ.
നമ്മുടെ ഇണക്ക് അവളുടേതായ വ്യക്തിത്വമുണ്ട് അത് ഇടിച്ചു താഴ്ത്തരുത്.നമ്മുടെ വാക്കുകകളും പെരുമാറ്റങ്ങളും അവളുടെ വ്യക്തിത്വത്തെ അവമതിക്കുന്നതായാല്‍ നമ്മുടെ നിലവാരം തന്നെയാണ് തകര്‍ന്നടിയുക. അനിഷ്ടകരമായ സന്ദര്‍ഭങ്ങളില്‍ ചുരുങ്ങിയ പക്ഷം ക്ഷമ കൈ കൊള്ളാനെങ്കിലും നമുക്ക് കഴിയണം.
അവള്‍ നമ്മെ ശല്യപ്പെടുത്താനായിരിക്കില്ല  ഇത്തരം കുസൃതിയോ വികൃതിയോ കാണിക്കുന്നത്.
അലമാരയില്‍ അടുക്കി വെച്ച നിങ്ങളുടെ ഷര്‍ട്ട്, കട്ടിലിനടിയില്‍ ഷൂ ഇങ്ങനെ വല്ലതും കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നെങ്കി
ലെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെ തിരകളിലൊന്നാണ് നിങ്ങളുടെ മൊബൈലില്‍ ആഞ്ഞടിച്ചത്.
കുടുംബിനിയുടെ ഇത്തരം പ്രണയ പ്രകടനങ്ങള്‍ ജോലിത്തിരക്കിനിടയില്‍ പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയണമെന്നില്ല.
പുരുഷന്‍ പരുഷനാണെന്ന കാര്യം പ്രിയതമകള്‍ മറക്കരുത്.
അത് കൊണ്ട് ഭര്‍ത്താക്കന്‍മാരെ കുറ്റപ്പെടുത്താതെ ഭാര്യമാര്‍ വിവേകം കാണിക്കണം.
അവര്‍ കുടു:ബത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നത് അതിന് നിങ്ങള്‍ പൂര്‍ണ്ണ സപ്പോര്‍ട്ട് കൊടുക്കണം.
ജോലിക്കിടയില്‍  സന്ദേശങ്ങള്‍ അയച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇണകളെ സ്‌നേഹത്തോടെ പറഞ്ഞ് ബോധ്യപ്പെടുത്തിയാല്‍ ഇതിനൊരു പരിഹാരമുണ്ടാകും. വെറുപ്പോടെ പറഞ്ഞാല്‍ മറ്റൊരു പൊല്ലാപ്പാകും. സ്ത്രീ മനസ്സ് ലോലമാണെന്നത് എപ്പോഴും ഓര്‍മ്മ വേണം.
ഇതൊക്കെ പറഞ്ഞ് പഠിപ്പിച്ചിട്ട് വേണോ എന്ന് തോന്നുന്നുണ്ടെങ്കില്‍
ഒരുകാര്യം ഓര്‍ത്തു വെച്ചോളൂ
'കമ്യൂണിക്കേഷന്‍ ഗ്യാപ്പുകളാണ് ദാമ്പത്യ ജീവിതത്തിലെ കല്ലുകടികള്‍'
ഉള്ള് തുറന്ന് പറഞ്ഞാല്‍ ഉള്ളറിഞ്ഞ് കളിച്ച് ചിരിച്ച്  മരിക്കുവോളം ജീവിക്കാം.
പ്രവാസി തന്റെ സഖിക്ക് പ്രത്യേക പരിഗണന തന്നെ നല്‍കണം. അതിന് ചില കാരണങ്ങളുണ്ട്. ലോകത്ത് ഏറ്റവും ക്ഷമയുള്ളവര്‍ പ്രവാസിയുടെ  സഖിമാരാണ് എന്ന് പറഞ്ഞാല്‍ തെറ്റാകില്ല.
നമ്മുടെ അഭാവത്തില്‍ ഒരേ സമയം പുരുഷന്റേയും പെണ്ണിന്റേയും റോള്‍ അവള്‍ ഏറ്റെടുക്കണം.
കുട്ടികള്‍,മാതാപിതാക്കള്‍, വീട്ടിലെ മറ്റംഗങ്ങള്‍ തുടങ്ങിയവരെ സ്‌നേഹിക്കാനും സഹിക്കാനും അവള്‍ക്കറിയാം. അതവള്‍ക്ക് സൃഷ്ടാവ് ഔദാര്യമായി നല്‍കിയതാണ്.
എന്നാല്‍ പുരുഷന്‍ നിര്‍വ്വഹിക്കേണ്ട പരുഷമായ ചിലതുകൂടി ചുമലിലേറ്റേണ്ടി വരുന്നവളാണ് പ്രവാസിയുടെ സഖി.
മക്കളുടെ കുറ്റകൃത്യങ്ങള്‍ മറ്റ് അപരാധങ്ങള്‍, കുടുംബ പോരുകള്‍ ഇതെല്ലാം പുരുഷന്‍മാരാണ് നിയന്ത്രിക്കാറുളളത്.  അതിന് കഠിന ഹൃദയം തന്നെവേണം. ലോല ഹൃദയായ പെണ്ണ് അതുംകൂടി ഏറ്റെടുക്കേണ്ടി വന്നാലുണ്ടാകുന്ന മാനസിക സമ്മര്‍ദം ചെറുതല്ല.
ഇരു ഉത്തരവാദിത്തങ്ങള്‍ക്ക് നടുവില്‍ നരകിക്കുയാണവള്‍.
അതിന്റെ പേരിലവള്‍ക്ക് നമ്മള്‍ പ്രത്യേക പരിഗണനല്‍കുക തന്നെ വേണം.
വിശുദ്ധഖുര്‍ആനില്‍ ഒരു അദ്ധ്യയത്തിന്റെ പേര് 'സ്ത്രീകള്‍ ' എന്നാണ് അവര്‍ക്ക് സൃഷ്ടാവ് നല്‍കിയ അംഗീകാരത്തിന്റെ നിദര്‍ശനമാണത് .
' അംഗീകരിക്കുക എന്നതാണ് ഒരാള്‍ക്ക് നല്‍കാനുളള വലിയ സമ്മാനം' ( Brian Tracy)
സഖിക്ക് നല്‍കാവുന്ന ഏറ്റവും നല്ല അംഗീകാരം ഉപാധികളില്ലാത്ത സ്‌നേഹണ്. അതാണവള്‍ കൊതിക്കുന്നതും.
നമ്മള്‍ സാഗരത്തിന് ഇക്കരയാണെങ്കിലും നമ്മുടെ സ്‌നേഹ സാഗരത്തിലെ തിരകള്‍ അവളുടെ ഹൃദയത്തില്‍ നിലക്കാതെ അലയടിക്കണം.
വാക്കായി, പണമായി, സല്ലാപങ്ങളായി, അന്വേഷണങ്ങളായി അങ്ങനെയങ്ങനെ സാഗര തിര  കരയെ മുത്തം വെക്കുമ്പോലെ നിരന്തമായി അത് തുടരണം.
'നിങ്ങളില്‍ ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍  പെരുമാറുന്നുവനാണ് '
മുഹമ്മദ് നബി (സ) യുടെ ഈ തിരുമൊഴിയാണ് അഴകാര്‍ന്ന ജീവിതത്തിന്റെ ആണിക്കല്ല്.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ


 

Latest News