വണ്ണം വച്ചപ്പോള്‍ ചിലര്‍ വളരെ മോശമായി  കമന്റ് ചെയ്തു- പ്രിയാമണി 

ചെന്നൈ-സൗത്തിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് പ്രിയാമണി. മോഡലിങ്ങിലൂടെ വെള്ളിത്തിരയില്‍ എത്തിയ പ്രിയാമണി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ പ്രിയ താരമായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വരെ നേടിയ പ്രിയാമണി നിലവില്‍ സിനിമകളും റിയാലിറ്റി ഷോകളില്‍ ജഡ്ജായുമെല്ലാം സജീവമാണ്. ബോളിവുഡില്‍ അടക്കം ശ്രദ്ധപിടിച്ചു പറ്റിയ പ്രിയാമണി ഏതാനും നാളുകള്‍ക്ക് മുന്‍പ് അത്യാവശ്യം വണ്ണം വച്ച പ്രകൃതം ആയിരുന്നു. എന്നാല്‍ അടുത്തകാലത്ത് അതില്‍ മാറ്റം വന്നിട്ടുണ്ട്.
സ്ലിം ലുക്കില്‍ ഗ്ലാമറസായ താരത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലും ആയിരുന്നു. എന്നാല്‍ തന്റെ ഈ മാറ്റത്തിന് പിന്നിലെ കാര്യം പ്രിയാമണി തുറന്നു പറഞ്ഞിരുന്നു. 'മുന്‍പ് ഞാന്‍ വളരെ നല്ല രീതിയില്‍ വണ്ണം വച്ചിരുന്നു. അങ്ങനെയാണ് ഗൈനക്കോളജിസ്റ്റിനെ കാണുന്നത്. കുറച്ച് ടെസ്റ്റുകള്‍ ചെയ്തപ്പോഴാണ് എന്താണ് പ്രശ്നമെന്ന് കണ്ടെത്തിയത്. എഡിനോമയോമ ആയിരുന്നു എനിക്ക്. ഗര്‍ഭാശയത്തില്‍ ടിഷ്യൂകള്‍ വളരുന്നു. അപ്പോഴേക്കും മുഴ ആറ് സെന്റീമീറ്ററോളം വളര്‍ന്നിരുന്നു. ഇത് വളരെ വലുതാണെന്നും കീഹോള്‍ സര്‍ജറി നടത്തമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ജറി ചെയ്യാന്‍ ശരീരഭാരം കുറയ്ക്കണം. അതിന് ചില മരുന്നുകളും ഡോക്ടര്‍ നല്‍കി. ഒടുവില്‍ സര്‍ജറിയും നടന്നു. ബയോപ്സിയും ചെയ്തു. ദൈവാനുഗ്രഹത്താല്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. 95 ശതമാനവും ഭേദമായി. ഒരുപക്ഷേ മുഴ വീണ്ടും വന്നേക്കാം. പക്ഷേ അതേക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്', എന്നായിരുന്നു പ്രിയാമണി പറഞ്ഞത്.
യോഗയിലൂടെയാണ് താന്‍ ഫിറ്റ്നെസ് നിലനിര്‍ത്തിയതെന്നും പ്രിയാമണി അന്ന് പറഞ്ഞിരുന്നു. നിലവില്‍ ഫാഷനും മോഡലിങ്ങും ഫിറ്റനെസും ഒക്കെയായി കസറുകയാണ് പ്രിയാമണി. അതേസസമയം, വണ്ണം വച്ചപ്പോള്‍ കേട്ട കമന്റുകളെ കുറിച്ചും പ്രിയാമണി തുറന്നു പറഞ്ഞിരുന്നു. ചിലര്‍ വളരെ മോശമായി കമന്റ് ചെയ്തെന്നും ചിലരോട് കഥാപാത്രത്തിന് വേണ്ടിയാണ് വണ്ണം വച്ചതെന്ന് പറഞ്ഞിരുന്നുവെന്നും പ്രിയാമണി പറഞ്ഞിരുന്നു. ഗുള്‍ട്ടി.കോം എന്ന ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

Latest News