14 തവണ പ്രേമലു കണ്ട പ്രേക്ഷകക്ക് സൗജന്യ പാസ് നല്‍കി നിര്‍മാതാക്കള്‍

കൊല്ലം- പതിനാല് തവണ പ്രേമലു കണ്ട ആരാധികക്ക് എത്ര തവണ വേണമെങ്കിലും ടിക്കറ്റില്ലാതെ സിനിമ കാണാനുള്ള പാസ് നല്‍കി നിര്‍മാതാക്കള്‍.  ഭാവന സ്റ്റുഡിയോസിന്റെ ഒഫിഷ്യല്‍ ഇന്‍സ്റ്റാഗ്രാം പേജ് വഴി പ്രേമലു തെലുങ്ക് റിലീസ് അനൗണ്‍സ് ചെയ്ത പോസ്റ്റിന് താഴെ 'ഞാന്‍ പതിനാല് തവണ പ്രേമലു കണ്ടു, ഇനി തെലുങ്കിലും കാണും' എന്ന് ആര്യ ആര്‍ കുമാര്‍ എന്ന ആരാധിക കമന്റിടുകയായിരുന്നു. ഇതിന് മറുപടിയായി നന്ദി പറഞ്ഞതിനൊപ്പം ആര്യയ്ക്ക് എത്ര തവണ വേണമെങ്കിലും ടിക്കറ്റില്ലാതെ തന്നെ പ്രേമലു തിയേറ്ററില്‍ കാണുവാനുള്ള ടോപ് ഫാന്‍ പാസും ഭാവന സ്റ്റുഡിയോസ് നല്‍കുകയായിരുന്നു.

ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തെ ആര്യയുടെ വീട്ടിലെത്തിയാണ് പാസ് കൈമാറിയത്. ഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്യ 'എത്ര കണ്ടിട്ടും പ്രേമലു മടുക്കുന്നില്ല, ഓരോ തവണയും സന്തോഷം ഇരട്ടിക്കുകയാണ്' എന്നാണ് പ്രതികരിച്ചത്. കേരളത്തിന് പുറത്തും മികച്ച പ്രതികരണം നേടുന്ന പ്രേമലുവിന്റെ മൊഴിമാറ്റപ്പതിപ്പിന്റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് എട്ടിന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. 80 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിക്കൊണ്ട് നാലാം ആഴചയിലും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.

 

Latest News