ദോഹ - കൊടുവള്ളി ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് സീസൺ ത്രീ നാളെയും മറ്റന്നാളുമായി (വ്യാഴം, വെള്ളി) നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൈദർ സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കുന്ന മത്സരത്തിൽ ദോഹയിലെ പ്രശസ്തരായ 16 ടീമുകൾ പങ്കെടുക്കും. പ്രീകോർട്ടർ മത്സരങ്ങൾ വ്യാഴം വൈകുന്നേരം 7 മുതൽ 12 മണി വരെയാണ് നടക്കുക. ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടുകൂടി ആരംഭിക്കും. കൊടുവള്ളിയിലെ പ്രശസ്തമായ കൊയപ്പ ഫുട്‌ബോൾ ആരവം ഖത്തറിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കൊടുവള്ളി ഫുട്‌ബോൾ അസോസിയേഷൻ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന മാർച്ച് പാസ്റ്റിൽ ഒപ്പന, കോൽക്കളി, കളരിപ്പയറ്റ് തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങൾ അണിനിരക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക, വാണിജ്യ, കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. ഫുട്‌ബോൾ മേള വീക്ഷിക്കാൻ രണ്ടായിരത്തിലധികം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് സമ്മാനവും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും.
വാർത്താ സമ്മേളനത്തിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് കൺവീനർ ബഷീർ ഖാൻ, ചീഫ് കോർഡിനേറ്റർ ആബിദീൻ വാവാട്ട്, കൊടുവള്ളി ഫുട്‌ബോൾ അസോസിയേഷൻ ട്രഷറർ അബ്ദുസമദ്,അൽ ബലാദി ഹോൾഡിങ് പ്രതിനിധി അഷറഫ്, സുൽത്താൻ മെഡിക്കൽ സെന്റർ പ്രതിനിധി ഡോ: അബ്ദു റഹ്‍മാൻ, അബ്ദുൽ കരീം, സുഹൈൽ കെ.പി, നൗഫൽ കെ.പി, നാഫി തുടങ്ങിയവർ പങ്കെടുത്തു.