കോഴിക്കോട് - ഐ.എൻ.എൽ വഹാബ് വിഭാഗം ഇടതുമുന്നണിയോട് ഇടയുന്നു. ഇതിന്റെ ഭാഗമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുതൽ എൽ.ഡി.എഫിന്റെ എല്ലാ പരിപാടികളിൽ നിന്നും വിട്ടുനില്ക്കാൻ ഇന്നു കോഴിക്കോട്ട് ചേർന്ന ഐ.എൻ.എൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഐ.എൻ.എൽ ദേവർകോവിൽ വിഭാഗത്തെ എൽ.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് വർക്കിംഗ് കമ്മിറ്റി തീരുമാനം. ഇക്കാര്യത്തിൽ കൂടുതൽ തുടർ നടപടികൾ എടുക്കാനായി സംസ്ഥാന കൗൺസിൽ മാർച്ച് അഞ്ചിന് കോഴിക്കാട് ചേരും. അതുവരെ എൽ.ഡി എഫിന്റെ തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനില്ക്കാനാണ് തീരുമാനമെന്ന് ഐ.എൻ.എൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.പി ഇസ്മാഈയിൽ മലയാളം ന്യൂസിനോട് പറഞ്ഞു.
മുൻ ധാരണപ്രകാരം ഇരുവിഭാഗത്തെയും എൽ.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിക്കാറില്ലായിരുന്നു. മറിച്ച് മന്ത്രി എന്ന നിലക്ക് അഹമ്മദ് ദേവർകോവിലിനെ വിളിക്കാറുണ്ടായിരുന്നു. എന്നാൽ, ദേവർകോവിലിന്റെ മന്ത്രിസ്ഥാനം ഒഴിവായ ശേഷമുള്ള ആദ്യ യോഗത്തിന് ക്ഷണിച്ചിരുന്നില്ലെങ്കിലും രണ്ടാമത്ത യോഗത്തിലേക്ക് അവരെ വിളിച്ചതാണ് വഹാബ് വിഭാഗത്തിന്റെ പ്രകോപനം. ഇക്കാര്യത്തിൽ 27-നുള്ളിൽ ഒരു തീരുമാനമറിയിക്കണമെന്ന് സംസ്ഥാന നേതൃത്വം എൽ.ഡി.എഫിന് കത്തു നല്കിയെങ്കിലും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ലെന്നാണ് വിവരം.
കോഴിക്കോട് പോലുള്ള മലബാറിലെ ചില മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുമായി ഇടത് സ്ഥാനാർത്ഥികൾ കട്ടക്കു പൊരുതുമ്പോൾ കുറഞ്ഞ വോട്ടുകളാണെങ്കിലും ഇടതു സാധ്യതകൾക്ക് കൂടുതൽ മങ്ങലേൽപ്പിക്കാൻ ഈ തീരുമാനം നിമിത്തമായേക്കും. ഐ.എൻ.എൽ രൂപീകരണ കാലം മുതൽ ഇടതുമുന്നണിയിൽ അടിയുറച്ചുനിൽക്കുന്ന ഇവർക്ക് വലിയൊരു വോട്ടുബാങ്കൊന്നും ഇല്ലെങ്കിലും നൂൽപാലത്തിൽ നിൽക്കുന്ന ചിലയിടങ്ങളിൽ ഇവരുടെ വോട്ട് മറിഞ്ഞാൽ ഇടത് സ്ഥാനാർത്ഥികളുടെ ഉള്ള സാധ്യതകളെ പോലും ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.