Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റാഞ്ചി ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയം, പരമ്പര ഇന്ത്യക്ക്

റാഞ്ചി- ഇംഗ്ലണ്ട് ഓഫ്‌സ്പിന്നർ ശുഐബ് ബഷീർ രണ്ടാമിന്നിംഗ്‌സിലും ഭീഷണി ഉയർത്തിയെങ്കിലും അതിനെ അതിജീവിച്ച ഇന്ത്യക്ക് റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയം. ജയിക്കാൻ രണ്ടാമിന്നിംഗ്‌സിൽ 192 റൺസ് വേണ്ടിയിരുന്ന ആതിഥേയർ നാലാം ദിവസമായ ഇന്ന് ലഞ്ചിനുശേഷം ലക്ഷ്യം കണ്ടു. ശുഭ്മൻ ഗില്ലും (52 നോട്ടൗട്ട്), വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജൂറലുമാണ് (39 നോട്ടൗട്ട്) ശുഐബ് ബഷീറിന്റെ ഭീഷണിയിൽനിന്ന് ഇന്ത്യയെ കരകയറ്റി ലക്ഷ്യത്തിലെത്തിച്ചത്. അപ്രതിരോധ്യമായ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 72 റൺസടിച്ചു.
സ്‌കോർ: ഇംഗ്ലണ്ട് 353, 145
ഇന്ത്യ 307, 192/5
ഈ വിജയത്തോടെ അഞ്ച് ടെസ്റ്റുകളുള്ള പരമ്പര 3-1 ലീഡ് നേടി ഇന്ത്യ സ്വന്തമാക്കി. മാർച്ച് ഏഴിന് ധർമശാലയിലാണ് അവസാന ടെസ്റ്റ് തുടങ്ങുക.
വിക്കറ്റ് പോകാതെ 40 എന്ന നിലയിൽ ഇന്ന് രാവിലെ രണ്ടാമിന്നിംഗ്‌സ് പുനരാരംഭിച്ച തുടങ്ങിയ ഇന്ത്യയെ ക്യാപ്റ്റൻ രോഹിത് ശർമയും (55) യശസ്വി ജയ്‌സ്വാളും (37) അനാസായമാണ് മുന്നോട്ടു കൊണ്ടുപോയത്. 84 റൺസിലെത്തിയ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിച്ചത് ജോ റൂട്ട്. എക്‌സ്ട്രാ കവറിലേക്ക് ഷോട്ട് പായിക്കാനുള്ള യശസ്വിയുടെ ശ്രമം പിഴച്ചു. ജെയിംസ് ആൻഡേഴ്‌സൺ മുഴുനീളം ചാടി പന്ത് പിടിച്ചു.
അർധസെഞ്ചുറി പൂർത്തിയാക്കി ക്യാപ്റ്റൻ രോഹിതിനെ പുറത്താക്കിയത് ടോം ഹാർട്‌ലിയാണ്. ഷോട്ടിനായി ക്രീസിന് പുറത്തേക്ക് ചുവടുവെച്ച രോഹിതിന്റെ കണക്കുകൂട്ടൽ തെറ്റി. വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സ് ഞൊടിയിടയിൽ സ്റ്റംപ് ചെയ്തു. 81 പന്ത് നേരിട്ട ഇന്ത്യൻ നായകൻ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.
തൊട്ടടുത്ത ഓവറിൽ രജത് പട്ടീദാറിനെ (0) പുറത്താക്കി ശുഐബ് അപായ ഭീഷണി മുഴക്കി. സ്‌ക്വയർ ലെഗ്ഗിൽ ഒല്ലി പോപ്പിന്റെ മനോഹര ക്യാച്ച്.
ലഞ്ചിനുശേഷമാണ് അടുത്തടുത്ത പന്തുകളിൽ രവീന്ദ്ര ജദേജയെയും (4), സർഫറാസ് ഖാനെയും (0) ശുഐബ് പുറത്താക്കുന്നത്. ഫുൾടോസ് പന്ത് മിഡ് വിക്കറ്റിലേക്ക് പായിച്ച ജദേജയെ ജോണി ബെയര്‍‌സ്റ്റോ പിടികൂടുകയായിരുന്നു. അടുത്ത പന്തിൽ ശുഐബ് വീണ്ടും പ്രഹരമേൽപ്പിച്ചു. ഓഫ്‌സൈഡിൽ കുത്തിത്തിരിഞ്ഞുവന്ന പന്ത് സർഫറാസിന്റെ ബാറ്റിലുരസി നേരെ എത്തിയത് ഒല്ലി പോപിന്റെ കൈകളിൽ. ഇംഗ്ലീഷ് കളിക്കാർ അപ്പീൽ ചെയ്‌തെങ്കിലും പാഡിൽ തട്ടിയെന്ന സംശയത്തിൽ അമ്പയർ ആദ്യം നിരസിച്ചു. ടി.വി റിവ്യൂവിനുശേഷമാണ് ഔട്ട് വിധിച്ചത്. 
ഇതോടെ അഞ്ചിന് 120 ആയ ഇന്ത്യ ബാറ്റിംഗ് തകർച്ചയിലേക്ക് നീങ്ങുകയാണോ എന്ന സംശയമുയർന്നു. എന്നാൽ ഗില്ലും ജൂറലും ഭീഷണികളെ സമർഥമായി നേരിട്ടു. അനാവശ്യ ഷോട്ടുകൾക്ക് പോകാതെ ഗിൽ 124 പന്തിൽനിന്നാണ് 52 റൺസെടുത്തത്. രണ്ടു സിക്‌സറുകളടിച്ചു. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി നഷ്ടമായ ജൂറൽ 77 പന്തിൽനിന്ന് 39 റൺസെടുത്തു. രണ്ടിന്നിംഗ്‌സിലും മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ജൂറലാണ് മാൻ ഓഫ് ദി മാച്ച്. 

Latest News