കൊച്ചി- ആദ്യ പകുതിയിൽ രണ്ടു ഗോൾ പിന്നിലായശേഷം ഗോവയെ 4-2ന് തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്. ദിമിത്രിയോസ് ഡയമന്റകോസിന്റെ ഇരട്ട ഗോളുകളാണ് കൊച്ചി ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ കളി മാറ്റി മറിച്ചത്. ദായിസുകെ സകായി, ഫെഡോർ സെമിച്ച് എന്നിവരും സ്‌കോർ ചെയ്തു. അത്യുജ്വല വിജയത്തോടെ ഗോവയെ പിന്നിലാക്ക് നാലാം സ്ഥാനത്തേക്ക് മുന്നേറാനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.
തുടർച്ചയായ മൂന്ന് തോൽവികൾക്കുശേഷം സ്വന്തം തട്ടകത്തിൽ മറ്റൊരു തോൽവികൂടി ബ്ലാസ്‌റ്റേഴ്‌സിനെ തുറിച്ചു നോക്കുകയായിരുന്നു ആദ്യപകുതി അവസാനിച്ചപ്പോഴും. ഏഴാം മിനിറ്റിൽ തന്നെ റൗളിൻ ബോർഹേസിലൂടെ ഗോവ മുന്നിലെത്തി. പതിനേഴാം മിനിറ്റിൽ മുഹമ്മദ് യാസിർ സന്ദർശകരുടെ രണ്ടാം ഗോൾ നേടിയതോടെ ഗാലറിയിലെ മഞ്ഞപ്പട തലയിൽ കൈവെച്ചു. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് അവർ കരുതി.
എന്നാൽ രണ്ടാം പകുതിയിൽ കളി അപ്പാടെ മാറ്റിമറിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്. നിരന്തര ആക്രമത്തിന് 51ാം മിനിറ്റിൽ ഫലമുണ്ടായി. ഫ്രീകിക്കിൽനിന്ന് ദായിസുകെ സകായി ആദ്യ ഗോൾ മടക്കി.
81ാം മിനിറ്റിൽ ഡയമന്റകോസ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (2-2). മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ ഡയമന്റകോസ് വീണ്ടും സ്‌കോർ ചെയ്തു. ഇടങ്കാലൻ ഷോട്ട് വലയുടെ മധ്യത്തിൽതന്നെയെത്തി. ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. 88ാം മിനിറ്റിൽ ഡയമന്റകോസ് നൽകിയ പാസ് വലയുടെ വലതുമൂലയിലെത്തിച്ച് സെമിച്ച് ഗോൾ പട്ടിക പൂർത്തിയാക്കി.
ഈ വിജയത്തോടെ 16 കളികളിൽനിന്ന് ബ്ലാസ്‌റ്റേഴ്‌സിന് 29 പോയന്റായി. 28 പോയന്റുള്ള ഗോവ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. മാർച്ച് രണ്ടിന് കൊച്ചിയിൽ ബെംഗളൂരുവുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.