Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്ത്, ഇന്ത്യക്ക് ജയിക്കാന്‍ 152 റണ്‍സ് വേണം

റാഞ്ചി- ആർ. അശ്വിന്റെയും കുൽദീപ് യാദവിന്റെയും സ്പിൻ കുടുക്കിൽ ഇംഗ്ലണ്ട് കുരുങ്ങിവീണതോടെ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ജയ പ്രതീക്ഷ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനും നാല് വിക്കറ്റെടുത്ത കുൽദീപും ചേർന്ന് സന്ദർശകരുടെ രണ്ടാമിന്നിംഗ്‌സ് വെറും 145 റൺസിൽ അവസാനിപ്പിച്ചു. ജയിക്കാൻ രണ്ടാമിന്നിംഗ്‌സിൽ 192 റൺസ് വേണ്ട ഇന്ത്യ മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 40 റൺസെടുത്തിട്ടുണ്ട്. 24 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും, 16 റൺസുമായി യശസ്വി ജയ്‌സ്വാളുമാണ് ക്രീസിൽ. പത്ത് വിക്കറ്റും കയ്യിലിരിക്കെ ജയിക്കാൻ ഇനി വേണ്ടത് 152 റൺസ്.
46 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുമായി വീണ്ടും ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് അശ്വിനും കുൽദീപിനും മുന്നിൽ അടിപതറുകയായിരുന്നു. ഓപ്പണർ സാക് ക്രോളിയും (60), ജോണി ബെയര്‍‌സ്റ്റോയും (30) ഒഴികെയുള്ളവരെല്ലാം വന്നവേഗത്തിൽ കൂടാരം കയറി. ഒന്നാമിന്നിംഗ്‌സിലെ സെഞ്ചുറിക്കാരൻ ജോ റൂട്ട് (11) അടക്കമുള്ളവരെ പറഞ്ഞയച്ചത് അശ്വിനാണ്. ക്രോളിയുടെ വെല്ലുവിളി അവസാനിപ്പിച്ചത് കുൽദീപും. ബെയര്‍‌സ്റ്റോയെ രവീന്ദ്ര ജദേജ, രജത് പട്ടീദാറിന്റെ കൈകളിലെത്തിച്ചു. ചെറുത്തുനിൽപിന് ശ്രമിച്ച ബെൻ ഫോക്‌സിനെ (17) അശ്വിൻ സ്വന്തം പന്തിൽ പിടികൂടി. 15 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയായിരുന്നു കുൽദീപ് നാല് വിക്കറ്റെടുത്തത്. രണ്ട് മെയ്ഡനുമുണ്ട്. 15.5 ഓവറിൽ 51 റൺസ് വഴങ്ങിയായിരുന്നു അശ്വിൻ അഞ്ച് വിക്കറ്റ് പ്രകടനം. 20 ഓവർ എറിഞ്ഞ ജദേജ 56 റൺസ് വിട്ടുകൊടുത്തു.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 307 റൺസിനാണ് അവസാനിച്ചത്. ആകാശ് ദീപിനെ (9) വിക്കറ്റിനുമുന്നിൽ കുടുക്കി ഓഫ് സ്പിന്നർ ശുഐബ് ബഷീർ ഇന്ത്യൻ ചെറുത്തുനിൽപ്പിന് വിരാമമിട്ടു. ഇതോടെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അഞ്ച് വിക്കറ്റെന്ന അപൂർവ നേട്ടത്തിനുടമയായി ഇരുപതുകാരൻ. 90 റൺസെടുത്ത ധ്രുവ് ജൂറലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 149 പന്ത് നേരിട്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആറ് ബൗണ്ടറികളും നാല് സിക്‌സറുകളുമടിച്ചു. ടോം ഹാർട്‌ലി ക്ലീൻ ബൗൾ ചെയ്താണ് ജൂറലിന്റെ സെഞ്ചുറി മോഹം തകർത്തത്.

Latest News