Sorry, you need to enable JavaScript to visit this website.

ശുഐബ് ബഷറീന് നാല് വിക്കറ്റ്, റാഞ്ചി ടെസ്റ്റിൽ ഇന്ത്യ പ്രതിരോധത്തിൽ

ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ ശുഐബ് ബഷീറിനെ ഇംഗ്ലണ്ട് കളിക്കാർ അഭിനന്ദിക്കുന്നു.

റാഞ്ചി- നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ അപ്രതീക്ഷിത ആയുധമായി യുവ ഓഫ് സ്പിന്നർ ശുഐബ് ബഷീർ. നാല് വിക്കറ്റ് വീഴ്ത്തിയ ഇരുപതുകാരൻ ഇന്ത്യൻ ബാറ്റിംഗിന്റെ മുൻനിരയെ തകർത്തു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റിന് 219 എന്ന നിലയിൽ പതറുകയാണ്. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 353 റൺസെടുത്തു. ജോ റൂട്ടിന്റെ (122 നോട്ടൗട്ട്) സെഞ്ചുറിയാണ് സന്ദർശകർക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 
ബാറ്റിംഗ് അനുകൂലമെന്ന് കരുതിയ പിച്ചിൽ പക്ഷെ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ രോഹിത് ശർമ വെറും രണ്ട് റൺസിന് പുറത്തായി. പിന്നീട് ശുഐഹിന്റെ സുദീർഘമായ സ്‌പെൽ ഇന്ത്യയെ വരിഞ്ഞുമുറുക്കി. ശുഭ്മൻ ഗിൽ (38), രജത് പട്ടീദാർ (17), രവീന്ദ്ര ജദേജ (12), യശസ്വി ജയ്‌സ്വാൾ (73) എന്നിവരെയാണ് ശുഐബ് ബഷീർ പുറത്താക്കിയത്. തുടർച്ചയായി 31 ഓവറുകളാണ് ശുഐബ് എറിഞ്ഞത്. സർഫറാസ് ഖാനെയും (14), ആർ. അശ്വിനെയും (1) ടോം ഹാർട്‌ലി പുറത്താക്കി. സ്റ്റംപെടുക്കുമ്പോൾ വിക്കറ്റ് കീപ്പർ ധ്രുവ് ജൂറലും (30), കുൽദീപ് യാദവും (17) ആണ് ക്രീസിൽ. മൂന്ന് വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഒന്നാമിന്നിംഗ്‌സിൽ 134 റൺസ് പിന്നിലാണ് ഇന്ത്യ. 

Latest News