Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ ജയരാജൻ തന്നെ; മലപ്പുറത്തും പൊന്നാനിയിലും ട്വിസ്റ്റ്, സി.പി.എം സ്ഥാനാർത്ഥി പട്ടികയായി

- കോഴിക്കോട്ട് എളമരം, വടകരയിൽ ശൈലജ, പാലക്കാട്ട് എ വിജയരാഘവൻ
- ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനെ വിടാതെ നേതൃത്വം
തിരുവനന്തപുരം -
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ സി.പി.എം സ്ഥാനാർത്ഥി പട്ടിക അന്തിമ ധാരണയിലേക്ക്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിർത്തിയതോടൊപ്പം മറ്റു ചിലരെ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാവുന്നത്. ഇതനുസരിച്ച് പൊന്നാനിയിലും മലപ്പുറത്തും സർപ്രൈസ് സ്ഥാനാർത്ഥികളാവും പാർട്ടിക്കുണ്ടാവുക. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സ്ഥാനാർത്ഥി പട്ടികയിൽ ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26-നാവുമെന്നാണ് വിവരം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പാലക്കാട്ടും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജ്യസഭാംഗം എളമരം കരീം കോഴിക്കോട്ടും കെ.കെ ശൈലജ ടീച്ചർ വടകരയിലും തോമസ് ഐസക് പത്തനംതിട്ടയിലും സ്ഥാനാർത്ഥികളാകും. 
 എന്നാൽ ആലത്തൂരിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മന്ത്രി കെ രാധാകൃഷ്ണന്റെ പേര് ഇപ്പോഴും നേതൃത്വം പൂർണമായും മാറ്റിയിട്ടില്ല. അവസാനനിമിഷവും അദ്ദേഹം തയ്യാറാകുന്നില്ലെങ്കിൽ മാത്രം മുൻ മന്ത്രിയും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലനെ ഇവിടെ മത്സരിപ്പിക്കാനാണ് ധാരണ.
 പൊന്നാനിയിൽ മുസ്‌ലിം ലീഗ് മുൻ നേതാവ് കെ.എസ് ഹംസയെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കുമ്പോൾ കോഴിക്കോട്, പൊന്നാനി മണ്ഡലങ്ങളിൽ പരിഗണിക്കണമെന്ന ആവശ്യം ഉയർന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ മലപ്പുറത്തേക്ക് പരിഗണിക്കാനും ധാരണയായി. എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവ് വി.പി സാനുവിന്റെയും അഫ്‌സലിന്റെയും പേരുകൾ ഒഴിവാക്കിയാണ് വി വസീഫിനെ മന്ത്രി മുഹമ്മദ് റിയാസിന്റെ കൂടി ആവശ്യം പരിഗണിച്ച് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നൽകിയതെന്നാണ് വിവരം. 
 കണ്ണൂരിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും കാസർകോട്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി വി ജോയി എം.എൽ.എയും മത്സരിക്കും. ചാലക്കുടിയിൽ മുൻ മന്ത്രി പ്രഫ. സി രവീന്ദ്രനാഥും എറണാകുളത്ത് കെ.എസ്.ടി.എ നേതാവ് കെ.ജെ ഷൈനും ആലപ്പുഴയിൽ സിറ്റിംഗ് എം.പി എ.എം ആരിഫും സ്ഥാനാർത്ഥികളാവും. ഇടുക്കിയിൽ മുൻ എം.പി ജോയ്‌സ് ജോർജും കൊല്ലത്ത് എം മുകേഷ് എം.എൽ.എയുമായിരിക്കും സ്ഥാനാർത്ഥികൾ.
 സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പി.ബി അനുമതിയോടെയായിരിക്കും സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം. സംസ്ഥാനത്തെ 20 ലോകസഭാ സീറ്റിൽ 15 സീറ്റിൽ സി.പി.എമ്മും നാലിൽ സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മുമാണ് ഇടതു മുന്നണിയിൽ മത്സരിക്കുക.

Latest News