Sorry, you need to enable JavaScript to visit this website.

ശ്രമിച്ചത് യുട്യൂബ് നോക്കിയുള്ള പ്രസവം; മാതാവും കുഞ്ഞും വീട്ടിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ നരഹത്യാകുറ്റം

തിരുവനന്തപുരം - ആശുപത്രിയിൽ പോകാതെ കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ വച്ചുള്ള പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തുമെന്ന് പോലീസ്. അക്യുപങ്ചർ ചികിത്സ നല്കിയ ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതിയാക്കണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പോലീസ് പ്രതികരിച്ചു. 
 തിരുവനന്തപുരം ജില്ലയിലെ നേമം കാരയ്ക്കാമണ്ഡപത്ത് താമസിക്കുന്ന തിരുമംഗലം ലെയ്‌നിലെ പൂന്തുറ സ്വദേശി നയാസിന്റെ ഭാര്യ ഷമീന(32)യും കുഞ്ഞും ഇന്നലെ വൈകീട്ടാണ് ശരിയായ ചികിത്സ കിട്ടാതെ മരിച്ചത്. വീട്ടിൽ വച്ചുള്ള പ്രവസവത്തിനിടെ ആരോഗ്യം അത്യധികം വഷളായ സാഹചര്യത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും തയ്യാറായത്. ആശുപത്രിയിലെത്തുംമുമ്പേ കുഞ്ഞും മാതാവും മരിക്കുകയായിരുന്നു.
 ഗുരുതര കുറ്റകൃതമാണ് സംഭവിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നേമം പോലീസ് അന്വേഷണം തുടരുകയാണെന്നും അവർ അറിയിച്ചു.
 ആധുനിക ചികിത്സ നല്കാതെ വീട്ടിൽ പ്രസവിക്കാൻ ഭർത്താവ് നയാസ് ഷമീറയെ നിർബന്ധിച്ചതായി പോലീസ് പറഞ്ഞു. ചികിത്സ നല്കാൻ ആവശ്യപ്പെട്ട ആരോഗ്യ പ്രവർത്തകരോട് നയാസ് മോശമായി പെരുമാറിയെന്നും പറയുന്നു. ഷമീറ ഇതിനു മുമ്പ് രണ്ടു കുഞ്ഞുങ്ങൾക്കു ജന്മം നല്കിയിരുന്നു. ഇതു രണ്ടും സിസേറിയനിലൂടെയായിരുന്നു. ഇതിനു പിന്നാലെ മൂന്നാമതും ഗർഭിണിയായപ്പോൾ ആധുനിക ചികിത്സ വേണ്ടെന്നും അക്യുപങ്ചർ ചികിത്സ മതിയെന്നും ഭർത്താവ് നയാസാണ് തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ ബീവിയെന്നും പോലീസ് വെളിപ്പെടുത്തി. ഇയാളുടെ ആദ്യ ഭാര്യയിലെ മകൾ അക്യുപങ്ചർ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറ ബീവിയുടെ പ്രസവസമയത്ത് ഈ മകളും സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ഇവർ ഉൾപ്പെടെ പ്രസവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ബന്ധുക്കൾക്കായുള്ള  അന്വേഷണത്തിലാണ് പോലീസ്.
 അതിനിടെ മരിച്ച യുവതിയുടെ ഭർത്താവ് നയാസിനെതിരെ ഗുരുതര ആരോപണവുമായി വാർഡ് കൗൺസിലർ ദീപിക രംഗത്തുവന്നു. ആദ്യ പ്രസവങ്ങൾ സിസേറിയനായതിനാൽ പല തവണ അപകട മുന്നറിയിപ്പു നല്കിയെങ്കിലും നയാസ് ഗൗനിച്ചില്ലെന്ന് അവർ പറഞ്ഞു. യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും ദീപിക വെളിപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് പ്രസവം എടുക്കാൻ ആരംഭിച്ചത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പൂർണമായി പുറത്തുവരാതെ കുടുങ്ങിയതോടെ രക്തസ്രാവം ഉണ്ടാകുകയായിരുന്നു. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം വീട്ടിൽ വച്ച് തുടർന്നുവെന്നാണ് പറയുന്നത്. തുടർന്ന് ആറുമണിയോടെ യുവതിയെയും കുഞ്ഞിനെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിക്കുവെച്ചു തന്നെ മാതാവും കുഞ്ഞ് മരിക്കുകയായിരുന്നു.
 

Latest News