Sorry, you need to enable JavaScript to visit this website.

മറഡോണയെ കരയിച്ച ഗോള്‍, ബ്രഹ്മെക്ക് ഫൈനല്‍ വിസില്‍

ബെര്‍ലിന്‍ - 1990 ലെ ലോകകപ്പില്‍ ഡിയേഗൊ മറഡോണയുടെ അര്‍ജന്റീനയെ കരയിച്ച ജര്‍മന്‍ ഫുട്‌ബോളര്‍ ആന്ദ്രെ ബ്രഹ്മെ 63ാം വയസ്സില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. റോമിലെ ആ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ ജര്‍മനി തോല്‍പിച്ചത് 83ാം മിനിറ്റില്‍ ബ്രഹ്മെ നേടിയ പെനാല്‍ട്ടി ഗോളിലായിരുന്നു. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും സ്‌കോര്‍ ചെയ്തു. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ആ സെമിഫൈനലില്‍ ജര്‍മനി ജയിച്ചത്. അറ്റാക്കിംഗ് ഫുള്‍ബാക്കും ഡെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റുമായ ബ്രഹ്മെ ആ ഗോളിലൂടെ ഒന്നിക്കാന്‍ പോവുന്ന ഇരു ജര്‍മനികളുടെയും ഹൃദയസിംഹാസനം കീഴടക്കി. ആ കാലഘട്ടത്തില്‍ മറഡോണയും നിരവധി ജര്‍മന്‍ കളിക്കാരും ഇറ്റാലിയന്‍ ലീഗിലായിരുന്നു കളിച്ചിരുന്നത്. ബ്രഹ്മെയും ജര്‍മനിയുടെ ലോതര്‍ മത്തായൂസും യൂര്‍ഗന്‍ ക്ലിന്‍സ്മാനും ഇന്റര്‍ മിലാനിലായിരുന്നു. ജര്‍മനിയുടെ വിജയം അതിനാല്‍ ഇറ്റലിയിലും വലിയ ആഘോഷമായി. 1990 ലെ ലോകകപ്പ് വിജയത്തില്‍ ജര്‍മനിയുടെ കോച്ചായിരുന്ന ഫ്രാന്‍സ് ബെക്കന്‍ബവര്‍ കഴിഞ്ഞ മാസമാണ് അന്തരിച്ചത്. കുട്ടിക്കാലത്ത് ബെക്കന്‍ബവറുടെ ചിത്രം കട്ടിലിന് മുകളില്‍ ഒട്ടിച്ചുവെച്ചിരുന്നുവെന്ന് അന്ന് ബ്രഹ്മെ പറഞ്ഞിരുന്നു. ഇരുവരും പിന്നീട് ഉറ്റസുഹൃത്തുക്കളായി മാറി. 
ക്യാപ്റ്റനെന്ന നിലയില്‍ മത്തായൂസായിരുന്നു പെനാല്‍ട്ടി എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ പകുതിയില്‍ ബൂട്ട് പൊട്ടിയതോടെ മത്തായൂസിന്റെ ആത്മവിശ്വാസം തകര്‍ന്നിരുന്നു. പെനാല്‍ട്ടി അനര്‍ഹമായി ലഭിച്ചതാണെന്ന് ബ്രഹ്മെ തുറന്നു സമ്മതിച്ചിരുന്നു. എങ്കിലും അതുവരെ അജയ്യമായി അര്‍ജന്റീനയെ ഫൈനല്‍ വരെയെത്തിച്ച സെര്‍ജിയൊ ഗൊയ്‌കോച്ചിയയെ ബ്രഹ്മെ കീഴടക്കി. മത്സരത്തിലും ജര്‍മനിയായിരുന്നു ആധിപത്യം പുലര്‍ത്തിയത്. പക്ഷെ ഗൊയ്‌കോച്ചിയ അസാധാരണ ഫോമിലായിരുന്നു. ഡൊണഡോണി, ആല്‍ദൊ സെറീന പോലുള്ള പ്രമുഖ കളിക്കാരുടെ പെനാല്‍ട്ടികള്‍ ആ ലോകകപ്പില്‍ ഗൊയ്‌കോച്ചിയ തടുത്തിരുന്നു. എന്നാല്‍ ബ്രഹ്മെയുടെ വലങ്കാലനടി ഗോളിയെ കീഴടക്കി. 
ബയേണ്‍ മ്യൂണിക്, റയല്‍ സരഗോസ ടീമുകള്‍ക്കും കളിച്ച ബ്രഹ്മെ കൈസര്‍സ്ലോടേനില്‍ തിരിച്ചെത്തുകയും അവര്‍ക്കൊപ്പം ജര്‍മന്‍ ലീഗ് കിരീടം നേടുകയും ചെയ്ത ശേഷം 1998 ലാണ് വിരമിച്ചത്. ബയേണിനൊപ്പവും ജര്‍മന്‍ ലീഗ് ചാമ്പ്യനായി. ഇന്ററിനൊപ്പം ഇറ്റാലിയന്‍ ലീഗും യുവേഫ കപ്പും നേടി. 86 തവണ ജര്‍മന്‍ കുപ്പായമിട്ട ബ്രഹ്മെ എട്ട് ഗോളടിച്ചു. 
അപ്രതീക്ഷിതമായിരുന്നു മരണമെന്ന് ജീവിതപങ്കാളി സുസാന്‍ ഷേഫര്‍ അറിയിച്ചു. സഹതാരം മാത്രമല്ല തനിക്ക് ഉറ്റ സുഹൃത്ത് കൂടിയായിരുന്നു ബ്രഹ്മെയെന്ന് റൂഡി വൊള്ളര്‍ പറഞ്ഞു. ഹാംബര്‍ഗിലായിരുന്നു ബ്രഹ്മെയുടെ ജനനം. 
വിരമിച്ച ശേഷം കോച്ചിംഗിലേക്ക് തിരിഞ്ഞെങ്കിലും വലിയ വിജയമായില്ല. സ്റ്റുട്ഗാട്ടില്‍ ജിയോവാനി ട്രാപറ്റോണിയുടെ അസിസ്റ്റന്റായാണ് അവസാനം പ്രവര്‍ത്തിച്ചത്.
 

Latest News