ശ്രീ ഭൈനി സാഹിബ് (പഞ്ചാബ്) - അവസാന നിമിഷങ്ങളിലെ സൂപ്പര്‍ തിരിച്ചുവരവില്‍ തോല്‍വി വിജയമാക്കി മാറ്റി ഗോകുലം കേരള. ഐ-ലീഗ് ഫുട്‌ബോളില്‍ 2-1 ന് ദല്‍ഹി എഫ്.സിയെ ഗോകുലം കീഴടക്കി. ഗോകുലത്തിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഇത്. ഇടവേളക്ക് അല്‍പം മുമ്പ് നിധിന്‍ കൃഷ്ണയുടെ സെല്‍ഫ് ഗോളില്‍ തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണ് ഗോകുലത്തിന്റെ സൂപ്പര്‍ തിരിച്ചുവരവ്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ അലക്‌സ് സാഞ്ചസ് 86ാം മിനിറ്റില്‍ ഗോള്‍ മടക്കി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അരങ്ങേറ്റക്കാരന്‍ ലാലിന്‍സംഗ റെന്ത്‌ലെയിലൂടെ വിജയവും പിടിച്ചു. ഇതോടെ മുഹമ്മദന്‍ സ്‌പോര്‍ടിംഗിന് (15 കളിയില്‍ 34 പോയന്റ്) അഞ്ച് പോയന്റ് പിന്നിലെത്തി ഗോകുലം (29 പോയന്റ്).
ആദ്യ പകുതിയില്‍ നിറംകെട്ട പ്രകടനമാണ് ഗോകുലം കാഴ്ചവെച്ചത്. നിധിന്റെ സെല്‍ഫ് ഗോളുമായതോടെ മലബാറിയന്‍സിന് തിരിച്ചുവരവ് പ്രയാസമായി. എന്നാല്‍ അവസാന പത്ത് മിനിറ്റില്‍ അവര്‍ ആവേശം വീണ്ടെടുത്തു. നാംധാരി സ്റ്റേഡിയത്തിലെ അഞ്ച് കളികളില്‍ ദല്‍ഹിയുടെ ആദ്യ തോല്‍വിയാണ് ഇത്. 19 പോയന്റുമായി അവര്‍ എട്ടാം സ്ഥാനത്താണ്.
ആദ്യ പകുതി ദല്‍ഹി അടക്കിവാണു. മൂന്നാം മിനിറ്റിലെ സാഞ്ചസിന്റെ ഷോട്ടൊഴിച്ചാല്‍ സ്വന്തം പകുതി കാക്കാനുള്ള പോരാട്ടത്തിലായിരുന്നു ഗോകുലം. ക്യാപ്റ്റന്‍ പാപെ ഗസാമയുടെ നേതൃത്വത്തില്‍ ദല്‍ഹി പലതവണ ഗോകുലം ഗോള്‍മുഖം വിറപ്പിച്ചു. 15ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ടീനേജര്‍ ഗ്വംസര്‍ ഗോയാരി സുവര്‍ണാവസരം തുലച്ചു. ഗസാമയുടെ ഫ്രീകിക്ക് ഗോളി അവിലാഷ് പോളിനെ കീഴടക്കിയ ശേഷം പോസ്റ്റിനെ മുട്ടിയുരുമ്മി പുറത്തേക്കു പോയി. ഗസാമയുടെ ഹെഡറും അവിലാഷ് സമര്‍ഥമായി രക്ഷിച്ചു. ഗസാമയുടെ കോര്‍ണറാണ് ഒടുവില്‍ നിധിന്‍് സ്വന്തം പോസ്റ്റിലേക്ക് ഹെഡ് ചെയ്തത്. തൊട്ടുപിന്നാലെ അലക്‌സിനെ വിനില്‍ പൂജാരി വീഴ്ത്തിയതിന് ഗോകുലം പെനാല്‍ട്ടിക്കായി യാചിച്ചെങ്കിലും റഫറി പ്രതീക് മണ്ഡല്‍ കുലുങ്ങിയില്ല.
നിക്കോള സ്‌റ്റോയ്‌നോവിച്ചിന് പരിക്കേറ്റതോടെ ഗോകുലം ബാസിത് അഹമ്മദിനെ ഇറക്കി. ഇടവേളക്കു ശേഷം അലക്‌സിന്റെ മിന്നലാക്രമണത്തോടെയാണ് കളിയുണര്‍ന്നത്. തലനാരിഴക്ക് അത് ലക്ഷ്യം തെറ്റി. അലക്‌സിന്റെ ഹെഡറും നവീന്‍കുമാര്‍ ഒന്നാന്തരമായി തട്ടിയുയര്‍ത്തി.
ഗുര്‍തേജിന്റെ ഹാന്റ്‌ബോളിന് പെനാല്‍ട്ടി അനുവദിച്ചതോടെയാണ് ഗോകുലം തിരിച്ചുവന്നത്. രണ്ടു തവണ എടുത്ത പെനാല്‍ട്ടി അലക്‌സ് ലക്ഷ്യത്തിലെത്തിച്ചു. ടൂര്‍ണമെന്റിലെ തന്റെ പതിനഞ്ചാം ഗോള്‍. രണ്ട് പകരക്കാര്‍ ചേര്‍ന്നാണ് വിജയ ഗോള്‍ കണ്ടെത്തിയത്. പി.എന്‍ നൗഫല്‍ വലതു വിംഗിലൂടെ കുതിച്ച് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് പത്ത് മിനിറ്റ് മുമ്പ് മാത്രം ആദ്യമായി ഗോകുലം ജഴ്‌സിയില്‍ കളത്തിലിറങ്ങിയ റെന്ത്‌ലെയ് വലയിലേക്ക് ഹെഡ് ചെയ്തു.