വിജയനഗരം - ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഒരു വിക്കറ്റ് അരികെ കേരളം ഇന്നിംഗ്‌സ് വിജയം കൈവിട്ടു. സമനില സമ്മതിച്ചതോടെ കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനവും നഷ്ടപ്പെട്ടു. സചിന്‍ ബേബിയും (113) അക്ഷയ് ചന്ദ്രനും (184) സെഞ്ചുറിയടിച്ചതോടെ ഏഴിന് 514 ല്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്്ത കേരളം 242 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു. കേരളത്തെ വീണ്ടും ബാറ്റ് ചെയ്യിക്കാന്‍ ആന്ധ്ര രണ്ടാം ഇന്നിംഗ്‌സില്‍ 243 റണ്‍സ് നേടണമായിരുന്നു. ഒന്നിന് 19 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ആതിഥേയര്‍ കളി നിര്‍ത്തുമ്പോള്‍ ഒമ്പതിന് 189 റണ്‍സിലായിരുന്നു. ശുഐബ് മുഹമ്മദ് ഖാനും (93 പന്തില്‍ 11 നോട്ടൗട്ട്) സത്യനാരായണ രാജുവും (13 പന്തില്‍ 0 നോട്ടൗട്ട്) ധീരമായി ചെറുത്തുനിന്ന് പരാജയം ഒഴിവാക്കി. ഇവരിലൊരാളെ പുറത്താക്കാന്‍ അഞ്ചോവറിലേറെ ലഭിച്ചെങ്കിലും കേരളത്തിന്റെ ശ്രമം വിജയിച്ചില്ല. നാലാം വിക്കറ്റില്‍ അശ്വിന്‍ ഹെബ്ബാറും (72) കരണ്‍ ഷിന്‍ഡെയും (26) തമ്മിലുള്ള നാലാം വിക്കറ്റിലെ 61 റണ്‍സ് കൂട്ടുകെട്ടാണ് ആന്ധ്ര ഇന്നിംഗ്‌സിന്റെ അടിത്തറ. 165 പന്ത് നേരിട്ട് ഹെബ്ബാര്‍ ഒരു സിക്‌സറും 12 ബൗണ്ടറിയും നേടി. ബെയ്‌സില്‍ തമ്പിയാണ് ഹെബ്ബാറിന്റെ ചെറുത്തുനില്‍പ് അവസാനിപ്പിച്ചത്. ഹനുമ വിഹാരി അഞ്ച് റണ്‍സെടുത്ത് പുറത്തായി. എസ്.കെ റഷീദ് 93 പന്ത് നേരിട്ട് 34 റണ്‍സെടുത്തു. ഈ സീസണില്‍ കേരളത്തിന് ഒരു മത്സരമേ ജയിക്കാനായുള്ളൂ.
കേരളത്തിന് വേണ്ടി ബെയ്‌സില്‍ തമ്പിയും (20-7-36-3) എന്‍. ബെയ്‌സിലും (21-9-43-3) വൈശാഖ് ചന്ദ്രനും (15-6-36-2) ജലജ് സക്‌സേനയും (23-11-46-1) വിക്കറ്റുകള്‍ പങ്കുവെച്ചു. മത്സരത്തില്‍ കേരളത്തിന് മൂന്നും ആന്ധ്രക്ക് ഒന്നും പോയന്റ് ലഭിച്ചു. ഗ്രൂപ്പ് ബി-യില്‍ നിന്ന് മുംബൈയോടൊപ്പം (ഏഴ് കളിയില്‍ 37) നോക്കൗട്ട് ഏതാണ്ട് ഉറപ്പാക്കിയ ടീമാണ് ആന്ധ്ര (7 കളിയില്‍ 26). കേരളം നാലാമതാണ് (ഏഴ് കളിയില്‍ 17).