ബയേണിന് എന്തു പറ്റി? വാലറ്റക്കരോടും തോറ്റു

ബെര്‍ലിന്‍ - ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് 2015 നു ശേഷം ആദ്യമായി തുടര്‍ച്ചയായ മൂന്നു കളികള്‍ തോറ്റു. വാലറ്റത്തുള്ള ബോക്കമിനോട് 2-3 ന് കീഴടങ്ങിയതോടെ ജര്‍മന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന് എട്ട് പോയന്റ് പിന്നിലായി അവര്‍. കഴിഞ്ഞയാഴ്ച ലെവര്‍കൂസനോട് 0-3 നും അതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗില്‍ ലാസിയോയോട് 0-1 നും അവര്‍ കീഴടങ്ങിയിരുന്നു. ഇതോടെ കോച്ച് തോമസ് ടുഹേലിന്റെ സ്ഥിതി അനിശ്ചിതത്വത്തിലായി. 
ഗോളടിച്ചു കൂട്ടിയിട്ടും ടോട്ടനത്തിനൊപ്പം കിരീടം നേടാന്‍ സാധിക്കാത്തതിനാല്‍ വലിയ പ്രതീക്ഷയോടെ ബയേണിലെത്തിയ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ കനത്ത നിരാശയിലാണെന്നാണ് വാര്‍ത്ത. മൂന്നു മിനിറ്റ് ശേഷിക്കെ ബയേണിന്റെ രണ്ടാം ഗോളടിച്ച കെയ്‌നിനിന് സമനില ഗോള്‍ നേടാനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഹെഡര്‍ ഗോളി മാന്വേല്‍ റീമാന്‍ പിടിച്ചു. ദയോട് ഉപമെകാനൊ ചുവപ്പ് കാര്‍ഡ് കണ്ടതോടെ അവസാന കാല്‍ മണിക്കൂറിലേറെ പത്തു പേരുയാണ് ബയേണ്‍ പൊരുതിയത്. അവസാന അഞ്ച് കളികളില്‍ മൂന്നിലും ബയേണ്‍ 7-0 മാര്‍ജിനില്‍ തോല്‍പിച്ച ടീമാണ് ബോക്കം. ഇത്തവണ പതിനാലാം മിനിറ്റില്‍ തന്നെ ജമാല്‍ മുസിയാല സമ്മാനിച്ച ലീഡ് ബയേണിന് മുതലാക്കാനായില്ല.
 

Latest News