രാജ്‌കോട് - അമ്മയുടെ അസുഖ വിവരമറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ആര്‍. അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന രാജ്‌കോട്ടില്‍ തിരിച്ചെത്തി. ലഞ്ചിനു ശേഷം മുതല്‍ അശ്വിന്‍ ലഭ്യമായിരിക്കും. ന്യായമായ കാരണങ്ങളാലാണ് വിട്ടുനിന്നതെന്ന് അമ്പയര്‍മാര്‍ തീരുമാനിച്ചാല്‍ ബാറ്റിംഗിനോ ബൗളിംഗിനോ ഉടനെ തന്നെ ഇറങ്ങാം.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ നിന്ന് അടിയന്തരമായി ആര്‍. അശ്വിന്‍ പിന്മാറിയപ്പോള്‍ അതിന്റെ ഗൗരവമുള്‍ക്കൊണ്ടായിരുന്നു ബി.സി.സി.ഐ പത്രക്കുറിപ്പ്. കുടുംബവുമായി ബന്ധപ്പെട്ട അടിയന്തരമായ മെഡിക്കല്‍ പ്രശ്‌നം കാരണമാണ് പിന്മാറ്റമെന്നും കളിക്കാരുടെയും അവരുടെ കുടുംബത്തിന്റെയും ആരോഗ്യം പരമപ്രധാനമാണെന്നും അശ്വിന്റെ സ്വകാര്യത മാനിക്കണമെന്നുമൊക്കെ വലിയ വര്‍ത്തമാനമായിരുന്നു പത്രക്കുറിപ്പില്‍. പിന്നാലെ അശ്വിന്‍ പിന്മാറിയത് അമ്മ അത്യാസന്ന നിലയില്‍ ആശുപത്രിയിലായതിനാലാണെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെളിപ്പെടുത്തി. അശ്വിന്റെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അവര്‍ എളുപ്പം സുഖം പ്രാപിക്കട്ടെയെന്നും രാജീവ് ശുക്ല എക്‌സില്‍ കുറിച്ചു.
അശ്വിന് വെള്ളിയാഴ്ച സംഭവബഹുലമായിരുന്നു. രാവിലെ ബാറ്റ് ചെയ്യുമ്പോള്‍ പിച്ചിലെ ഡെയ്ഞ്ചല്‍ എന്‍ഡില്‍ അശ്വിന്‍ കയറിയതിന് ഇന്ത്യക്ക് അഞ്ച് റണ്‍സ് പെനാല്‍ട്ടി ലഭിച്ചിരുന്നു. പിന്നീട് ബൗളിംഗിന് വന്നപ്പോള്‍ കരിയറിലെ 500 വിക്കറ്റ് തികച്ചു. അതിന് പിന്നാലെയാണ് അമ്മ അത്യാസന്ന നിലയിലായ വാര്‍ത്ത വന്നത്.