റിയാദ് - ശസ്ത്രക്രിയയും വിശ്രമവുമൊക്കെയായി നാലു മാസത്തോളം ബ്രസീലില്‍ ചെലവിട്ട ശേഷം ആവേശകരമായ വരവേല്‍പോടെ റിയാദില്‍ തിരിച്ചെത്തിയ നെയ്മാര്‍ ദിവസങ്ങള്‍ക്കകം വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍. വിരമിക്കുന്നതാണ് നല്ലത് എന്നാണ് ഒരു വിഭാഗം അല്‍ഹിലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. തടിമാടനായാണ് നെയ്മാര്‍ തിരിച്ചെത്തിയതെന്നാണ് ആരാധകര്‍ രോഷം കൊള്ളുന്നത്.
പരിക്കുകള്‍ നെയ്മാറിന്റെ കൂടപ്പിറപ്പാണ്. നെയ്മാറിന്റെ ഡ്രിബഌംഗ് ശൈലി പരിക്കുകള്‍ ക്ഷണിച്ചുവരുത്തുമെന്ന് ആരാധകര്‍ക്കറിയാം. എന്നാല്‍ വിശ്രമകാലത്ത് ഫിറ്റ്‌നസ് നിലനിര്‍ത്താതെ ജീവിതം ആസ്വദിക്കുകയാണ് നെയ്മാറെന്നാണ് പലരുടെയും പരാതി.
ഓഗസ്‌റ്റെങ്കിലുമാവും നെയ്മാര്‍ കളിക്കളത്തില്‍ തിരിച്ചെത്താനെന്നാണ് സൂചന. നെയ്മാറിന്റെ അഭാവം ബ്രസീല്‍ ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ സാലിം അല്‍ദോസരിയും സെര്‍ജി മിലിന്‍കോവിച് സാവിച്ചും അലക്‌സാണ്ടര്‍ മിത്രോവിച്ചും ബ്രസീലുകാരന്‍ തന്നെയായ മാല്‍ക്കവുമൊക്കെ മിന്നുന്ന ഫോമിലായതിനാല്‍ അല്‍ഹിലാലിന് അത് ഇതുവരെ കാര്യമായ പ്രശ്‌നമായിട്ടില്ല.