റിയാദ് - ഗോളടികളുടെ 23 വര്‍ഷങ്ങള്‍, അല്‍ഫയ്ഹക്കെതിരെ കഴിഞ്ഞ ദിവസം സ്‌കോര്‍ ചെയ്തതോടെ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ സ്ഥാപിച്ചത് അതുല്യ റെക്കോര്‍ഡാണ്. 2002 മുതല്‍ ഒരു വര്‍ഷവും അത് നിലച്ചിട്ടില്ല. ഈ മാസം അഞ്ചിന് റൊണാള്‍ഡോക്ക് 39 വയസ്സായി. തന്റെ കാലുകള്‍ അനുവദിക്കുന്നതു വരെ കളി തുടരുകയും ഗോളടിക്കുകയും ചെയ്യുമെന്ന വാശിയിലാണ് അന്നസ്ര്‍ താരം.
2002 ഒക്ടോബര്‍ ഏഴിന് പതിനേഴാം വയസ്സിലായിരുന്നു ക്രിസ്റ്റ്യാനൊ ഗോളടി തുടങ്ങിയത്. പോര്‍ചുഗല്‍ ലീഗില്‍ മോറയ്‌റന്‍സിനെതിരെ സ്‌പോര്‍ടിംഗിനു വേണ്ടി ഇരട്ട ഗോള്‍. 2023 ല്‍ ഏറ്റവുമധികം ഗോളടിച്ച കളിക്കാരനായിരുന്നു ക്രിസ്റ്റിയാനൊ (54). കീലിയന്‍ എംബാപ്പെയും (52) ഹാരി കെയ്‌നും (52) എര്‍ലിംഗ് ഹാളന്റും (50) പോലും പിന്നിലായിരുന്നു.
2011 മുതല്‍ 2014 വരെ റയല്‍ മഡ്രീഡിന് കളിച്ച കാലത്ത് ഓരോ വര്‍ഷവും 60 ഗോള്‍ കടന്നു. 2013 ല്‍ നേടിയ 69 ഗോളാണ് റെക്കോര്‍ഡ്. 12 കലണ്ടര്‍ വര്‍ഷം 40 ഗോളെങ്കിലും സ്‌കോര്‍ ചെയ്തു.
ക്ലബ്ബ് ഫുട്‌ബോളില്‍ ഒരു കളിക്കാരനും റൊണാള്‍ഡോയുടെ 741 ലധികം ഗോളടിച്ചിട്ടില്ല. റയലിനു വേണ്ടി മാത്രം 451 ഗോളടിച്ചു, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി 145, യുവന്റസിന് വേണ്ടി 101, അന്നസ്‌റിനു വേണ്ടി 45, സ്‌പോര്‍ടിംഗിനു വേണ്ടി അഞ്ച്. ഒപ്പം പോര്‍ചുഗലിന് വേണ്ടി റെക്കോര്‍ഡായ 128.
ഈ വര്‍ഷവും അടുത്ത വര്‍ഷവും എന്തായാലും കളിക്കും, ശരീരം അനുവദിക്കുമെങ്കില്‍ തുടര്‍ന്നും -ക്രിസ്റ്റിയാനൊ പറയുന്നു. 2025 ല്‍ റൊണാള്‍ഡോക്ക് നാല്‍പതാവും, 2026 ല്‍ ലോകകപ്പാണെന്നത് പ്രചോദനമായി ഉണ്ടാവും.