മഡ്രീഡ് - ഒരു വ്യാഴവട്ടക്കാലം റയല്‍ മഡ്രീഡിന്റെ മധ്യനിരയുടെ എഞ്ചിന്‍ റൂമായിരുന്ന ലൂക്ക മോദ്‌റിച് ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നു. സൗദി അറേബ്യയിലെയും മേജര്‍ ലീഗ് സോക്കറിലെയും ക്ലബ്ബുകള്‍ മുപ്പത്തെട്ടുകാരന് പിന്നാലെയുണ്ട്. റയല്‍ മഡ്രീഡില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കൊപ്പം ഒരുപാട് കാലം മോദ്‌റിച് കളിച്ചിരുന്നു.
2018 ലെ ലോകകപ്പില്‍ ഫൈനലിലേക്കും 2022 ലെ ലോകകപ്പില്‍ സെമിഫൈനലിലേക്കും ക്രൊയേഷ്യയെ നയിച്ച മോദ്‌റിച് ഇപ്പോഴും മാന്ത്രികപ്രഭാവം നിലനിര്‍ത്തുന്നുണ്ടെങ്കിലും ജൂഡ് ബെലിംഗാം, ഫെഡറിക്കൊ വാല്‍വെര്‍ദെ, എഡ്വേഡൊ കമവിംഗ തുടങ്ങിയ യുവ മിഡ്ഫീല്‍ഡര്‍മാരെയാണ് ഇപ്പോള്‍ റയല്‍ പ്രധാനമായും ആശ്രയിക്കുന്നത്.
വര്‍ഷങ്ങളായി റയലിന്റെ സ്റ്റാര്‍ടിംഗ് ഇലവനില്‍ ഒന്നാമത്തെ പേരുകാരനായിരുന്ന മോദ്‌റിച് ഈ സീസണില്‍ 15 കളികളിലേ സ്റ്റാര്‍ടിംഗ് ഇലവനില്‍ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച ലെയ്പ്‌സിഷിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഉപയോഗിക്കപ്പെടാതെ ഇരുന്നു. ഫിറ്റ്‌നസ് ഉണ്ടായിട്ടും ഇങ്ങനെയൊരു സംഭവം മോദ്‌റിച്ചിന്റെ കരിയറില്‍ ആദ്യമായിരുന്നു. 2012 ല്‍ റയലില്‍ ചേര്‍ന്ന മോദ്‌റിച് അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും മൂന്ന സ്പാനിഷ് ലീഗ് കിരീടങ്ങളും രണ്ട് കോപ ഡെല്‍റോയും ക്ലബ്ബ് ലോകകപ്പുമൊക്കെ നേടിയിരുന്നു.
റയലില്‍ മുപ്പത്തിനാലുകാരന്‍ ടോണി ക്രൂസിന്റെയും ഭാവിയും അനിശ്ചിതത്വത്തിലാണ്. മോദ്‌റിച്ചിനെക്കാള്‍ കൂടുതല്‍ അവസരം കിട്ടുന്നുണ്ടെങ്കിലും ക്രൂസിന്റെ കരാറും ഈ സീസണോടെ അവസാനിക്കും.