സോള്‍ -ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തെക്കന്‍ കൊറിയ സെമിഫൈനലില്‍ പുറത്തായതിന് പിന്നാലെ കോച്ച് യൂര്‍ഗന്‍ ക്ലിന്‍സ്മാനെ പുറത്താക്കി. 12 മാസം മുമ്പാണ് വലിയ ആഘോഷത്തോടെ ജര്‍മന്‍ ഇതിഹാസ താരത്തെ പരിശീലകനായി നിയമിച്ചത്.
കോച്ചും ലീഡറുമെന്ന നിലയില്‍ ക്ലിന്‍സ്മാന്‍ പൂര്‍ണ പരാജയമാണെന്നും, തന്ത്രങ്ങളിലും കളിക്കാരെ കൈകാര്യം ചെയ്യുന്നതിലും ശരയായ മനോഭാവവവും പോരാട്ടവീര്യവും വളര്‍ത്തിയെടുക്കുന്നതിലും വിജയിക്കാനായില്ലെന്നും കൊറിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പത്രക്കുറിപ്പില്‍ വിലയിരുത്തി. സാധാരണ കോച്ചിനെ പുറത്താക്കുമ്പോള്‍ ഇത്ര രൂക്ഷമായ വിലയിരുത്തല്‍ ഉണ്ടാവാറില്ല.
ആറു പതിറ്റാണ്ടിനു ശേഷം കൊറിയക്ക് ഏഷ്യന്‍ കിരീടം നേടിക്കൊടുക്കാന്‍ ഇറങ്ങിത്തിരിച്ച അമ്പത്തൊമ്പതുകാരന്‍ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. കൊറിയയില്‍ വരാതെയാണ് ലോകകപ്പ് ചാമ്പ്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതെന്നായിരുന്നു ആദ്യത്ത പരാതി. ഏഷ്യന്‍ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനുമായും മലേഷ്യയുമായും സമനില പാലിച്ച കൊറിയ പ്രി ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പരാജയത്തിന്റെ വക്കില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സെമിഫൈനലില്‍ 87 സ്ഥാനം പിന്നിലുള്ള ജോര്‍ദാനോട് 0-2 ന് തോറ്റു.
ടീം തോല്‍ക്കുമ്പോഴും ക്ലിന്‍സ്മാന്‍ സുസ്‌മേരവദനനായി കാണപ്പെട്ടത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. അത് തന്റെ സ്വഭാവമാണെന്ന് അദ്ദേഹം വിശദീകരിച്ചു. സെമിഫൈനലിന്റെ തലേന്ന് കളിക്കാര്‍ തമ്മില്‍ കലഹമുണ്ടായെന്നും ക്യാപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന്നിന്റെ കൈയില്‍ പരിക്കേറ്റെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. ഇതോടെ ക്ലിന്‍സ്മാനെ മാറ്റണമെന്ന മുറവിളി ശക്തമായി.