ശ്രീ ഭയ്‌നി സാഹിബ് -രാജസ്ഥാന്‍ യുനൈറ്റഡിനെ പഞ്ചാബില്‍ 4-1 ന് തകര്‍ത്ത് ഗോകുലം കേരള എഫ്.സി ഐ-ലീഗ് ഫുട്‌ബോളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഏഷ്യന്‍ കപ്പില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയ താജിക്കിസ്ഥാന്‍ ടീമിലെ അംഗമായിരുന്ന കംറോന്‍ തുര്‍സനോവിന്റെ ഇരട്ട ഗോളാണ് ഗോകുലത്തിന് തുര്‍ച്ചയായ നാലാമത്തെ വിജയം സമ്മാനിച്ചത്. അതിന് മുമ്പ് ആറു കളികളില്‍ ഗോകുലത്തിന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
28ാം മിനിറ്റില്‍ തുര്‍സനോവ് നേടിയ ഗോളില്‍ ഇടവേളയില്‍ 1-0 ന് മുന്നില്‍ നിന്ന ഗോകുലം രണ്ടാം പകുതിയില്‍ മൂന്നു ഗോളടിച്ചു. അലക്‌സ് സാഞ്ചസ്, പകരക്കാരനായിറങ്ങിയ പതിനെട്ടുകാരന്‍ ലയ്ഷ്‌റാം ജോണ്‍സണ്‍ സിംഗ് എന്നിവരായിരുന്നു മറ്റു ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ റിച്ചാഡ്‌സന്‍ ഡെന്‍സലിന്റെ വകയായിരുന്നു രാജസ്ഥാന്റെ ആശ്വാസ ഗോള്‍.
ടോപ്‌സ്‌കോററായ സാഞ്ചസിന്റെ പതിനാലാം ഗോളാണ് ഇത്. അതേസമയം തുര്‍സനോവ് അവസാനം സ്‌കോര്‍ ചെയ്തത് ഡിസംബറിലാണ്. രാജസ്ഥാന്‍ തോറ്റെങ്കിലും ഡെന്‍സല്‍ 11 ഗോളുമായി ടോപ്‌സ്‌കോറര്‍ പട്ടികയിലുണ്ട്.
14 കളിയില്‍ 31 പോയന്റുമായി മുഹമ്മദന്‍ സ്‌പോര്‍ടിംഗാണ് ഒന്നാം സ്ഥാനത്ത്. ഗോകുലവും (14 കളിയില്‍ 26) ശ്രീനിധി ഡെക്കാനും (13 കളിയില്‍ 26) രണ്ടാം സ്ഥാനം പങ്കിടുന്നു.