കൊച്ചി- സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) പത്താമത് എഡിഷന്‍ 23ന് ആരംഭിക്കും. ഈ സീസണില്‍ ബോളിവുഡില്‍ നിന്ന് ഒരു ടീമും ബംഗാള്‍, ചെന്നൈ, തെലുഗു, കര്‍ണാടക, ഭോജ്പുരി, പഞ്ചാബ് എന്നീ പ്രാദേശിക സിനിമാ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ടീമുകളും മലയാള താരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സും അടക്കം എട്ടു ടീമുകള്‍ ക്രീസിലിറങ്ങും.
സി.സി.എല്ലില്‍ ശക്തമായ സാന്നിധ്യമറിയിക്കാന്‍ തയ്യാറെടുക്കുകയാണ് ഇക്കുറി കേരള സ്‌ട്രൈക്കേഴ്‌സ്. 23 വെള്ളിയാഴ്ച് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മാച്ച്. കേരള സ്‌ട്രൈക്കേഴ്‌സ്‌സിന്റെ അഭി മാനതാരങ്ങള്‍ മുംബൈ ഹീറോസിനോട് ആദ്യമത്സരത്തില്‍ ഏറ്റുമുട്ടും.
ഫെബ്രുവരി 24ന് ബംഗാള്‍ ടൈഗേഴ്‌സുമായാണ് കേരള സ്‌ട്രൈക്കേഴ്‌സ് മത്സരം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം തന്നെയാണ് മത്സരവേദി. മാര്‍ച്ച് 2ന് ഹൈദരാബാദില്‍ വെച്ചു നടക്കുന്ന മത്സരത്തില്‍ തെലുഗു വാരിയേഴ്‌സുമായും മാര്‍ച്ച് 10ന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നെ റൈനോസുമായും നമ്മുടെ ടീം ഏറ്റുമുട്ടും. ഭോജ്പുരി ദബാംഗ്‌സ്, പഞ്ചാബ് ദെ ഷേര്‍, കര്‍ണാടക ബുള്‍ഡോസേഴ്‌സ് എന്നിവയാണ് സി.സി.എലിലെ മറ്റ് ടീമുകള്‍.
മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ പ്രഖ്യാപനം ശനിയാഴ്ച വൈകിട്ട് 6.00 മണിക്ക് കൊച്ചിയില്‍ നടക്കും. ബുര്‍ജ് ഖലീഫയില്‍ കഴിഞ്ഞ 2ന് എ വി പ്രോജക്ഷനിലൂടെ സി സി എല്ലിന്റെ മെഗാ അനൗണ്‍സ്‌മെന്റ് നടന്നിരുന്നു.