അതിവേഗം 100 തൊട്ട് ഡക്കറ്റ്, ഇന്ത്യയിലെ ഫാസ്റ്റസ്റ്റ് സെഞ്ചുറി

രാജ്‌കോട് - ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമുള്ള സെഞ്ചുറിക്കുടമയായി ഇംഗ്ലണ്ട് ഓപണര്‍ ബെന്‍ ഡക്കറ്റ്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ സെഞ്ചുറിയിലെത്തിയത് വെറും 88 പന്തിലാണ്. മുഹമ്മദ് സിറാജിനെ പത്തൊമ്പതാമത്തെ ബൗണ്ടറിക്ക് പായിച്ചാണ് ഡക്കറ്റ് സെഞ്ചുറി തികച്ചത്. ഒരു സിക്‌സറുമുണ്ട്. അതുവഴി മാത്രം നേടിയത് 82 റണ്‍സാണ്. ഇന്ത്യയുടെ 445 നെതിരെ ഇരുപത്തേഴോവറില്‍ ഇംഗ്ലണ്ട് 156 റണ്‍സെടുത്തു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട ഓപണറുടെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഡക്കറ്റിന്റേത്. 
നേരത്തെ ധ്രൂവ് ജൂറലും (46) ആര്‍. അശ്വിനും (37) തമ്മിലുള്ള 77 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ 400 കടത്തിയത്. മാര്‍ക്ക് വുഡിന് നാലു വിക്കറ്റ് കിട്ടി. 
രണ്ടാം ദിനം അഞ്ചിന് 326 ല്‍ ഇന്ത്യ ഇന്നിംഗ്‌സ് പുനരാരംഭിച്ച ശേഷം ഇംഗ്ലണ്ട് അതിവേഗം ജോലി തുടങ്ങിയതായിരുന്നു. നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവിനെ (4) നാലാമത്തെ ഓവറില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പുറത്താക്കി. മത്സരത്തില്‍ ആന്‍ഡേഴ്‌സന്റെ ആദ്യ വിക്കറ്റാണ് ഇത്. ഇതോടെ ടെസ്റ്റ് കരിയറില്‍ 696 വിക്കറ്റായി. 
ആദ്യ ദിനം കളി തീരാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ സര്‍ഫറാസ് ഖാന്റെ റണ്ണൗട്ടിന് കാരണക്കാരനായ രവീന്ദ്ര ജദേജക്ക് അതിന് പ്രായശ്ചിത്തം ചെയ്യാനായില്ല. 12 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും (112) ജദേജയെ ജോ റൂട്ട് സ്വന്തം ബൗളിംഗില്‍ പിടിച്ചു. അലക്ഷ്യമായ ഷോട്ടില്‍ അനായാസ ക്യാച്ചാണ് ജദേജ സമ്മാനിച്ചത്. 225 പന്ത് നേരിട്ട ജദേജ ഒരു സിക്‌സറും ഒമ്പത് ബൗണ്ടറിയും നേടി. 
എളുപ്പം ഇന്നിംഗ്‌സ് അവസാനിപ്പിക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഗം പക്ഷെ പൂവണിഞ്ഞില്ല. പുതുമുഖം ധ്രുവ് ജൂറലും അശ്വിനും ചെറുത്തുനിന്നു. ഏഴിന് 388 ലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്. 
അതിനിടെ, പിച്ചില്‍ ഡെയ്ഞ്ചര്‍ എന്‍ഡിലേക്ക് അശ്വിന്‍ ഓടിയതിന് ഇന്ത്യക്ക് അഞ്ച് റണ്‍ പെനാല്‍ട്ടി വിധിച്ചു.
 

Latest News