രാജ്‌കോട് - നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ആര്‍. അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റിലെ 500 വിക്കറ്റ് ക്ലബ്ബില്‍ അംഗമായി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപണര്‍ സാക് ക്രോളിയാണ് അശ്വിന്റെ അഞ്ഞൂറാമത്തെ വിക്കറ്റായത്. അഞ്ഞൂറോ അധികമോ വിക്കറ്റെടുക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒമ്പതാമത്തെ ബൗളറാണ് അശ്വിന്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ അശ്വിനെക്കാള്‍ വിക്കറ്റെടുത്ത ഒരാളേയുള്ളൂ, അനില്‍ കുംബ്ലെ. കുംബ്ലെക്ക് 619 വിക്കറ്റുണ്ട്.
രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സ് മുതല്‍ അഞ്ഞൂറാം വിക്കറ്റിനായി അശ്വിന്‍ കാത്തിരിക്കുന്നുണ്ട്. ലെഗ്‌സ്റ്റമ്പിലേക്കുള്ള അശ്വിന്റെ ഫുള്‍ ലെംഗ്ത് ബോള്‍ ക്രോളിയുടെ ബാറ്റിന് മുകളില്‍ തട്ടിയുയര്‍ന്നത് ഫൈന്‍ലെഗില്‍ രജത് പട്ടിധാര്‍ പിടിക്കുകയായിരുന്നു.
സ്പിന്നര്‍മാരായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ (800), അന്തരിച്ച ഓസ്‌ട്രേലിയന്‍ ലെഗ്‌സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ (708), കുംബ്ലെ, ഓസ്‌ട്രേലിയയുടെ നാഥന്‍ ലയണ്‍ (517) എന്നിവരാണ് അശ്വിനെക്കാള്‍ മുന്നിലുള്ളത്. 2011 ല്‍ അരങ്ങേറിയ അശ്വിന്റെ 98ാം ടെസ്റ്റാണ് ഇത്. അഞ്ച് സെഞ്ചുറിയുള്‍പ്പെടെ 3308 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.