രാജ്‌കോട് - ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ സ്‌കോര്‍ 400 കടക്കുന്നു. രണ്ടാം ദിനം അഞ്ചിന് 326 ല്‍ ഇന്ത്യ ഇന്നിംഗ്‌സ് പുനരാരംഭിച്ച ശേഷം ഇംഗ്ലണ്ട് അതിവേഗം ജോലി തുടങ്ങിയതായിരുന്നു. നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവിനെ (4) നാലാമത്തെ ഓവറില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പുറത്താക്കി. മത്സരത്തില്‍ ആന്‍ഡേഴ്‌സന്റെ ആദ്യ വിക്കറ്റാണ് ഇത്. ഇതോടെ ടെസ്റ്റ് കരിയറില്‍ 696 വിക്കറ്റായി.
ആദ്യ ദിനം കളി തീരാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ സര്‍ഫറാസ് ഖാന്റെ റണ്ണൗട്ടിന് കാരണക്കാരനായ രവീന്ദ്ര ജദേജക്ക് അതിന് പ്രായശ്ചിത്തം ചെയ്യാനായില്ല. 12 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും (117) ജദേജയെ ജോ റൂട്ട് സ്വന്തം ബൗളിംഗില്‍ പിടിച്ചു. അലക്ഷ്യമായ ഷോട്ടില്‍ അനായാസ ക്യാച്ചാണ് ജദേജ സമ്മാനിച്ചത്. 225 പന്ത് നേരിട്ട ജദേജ ഒരു സിക്‌സറും ഒമ്പത് ബൗണ്ടറിയും നേടി.
എളുപ്പം ഇന്നിംഗ്‌സ് അവസാനിപ്പിക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഗം പക്ഷെ പൂവണിഞ്ഞില്ല. പുതുമുഖം ധ്രുവ് ജൂറലും (31 നോട്ടൗട്ട്) ആര്‍. അശ്വിനും (25 നോ്ട്ടൗട്ട്) ഇരുപതോവറിലേറെ ചെറുത്തുനിന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഏഴിന് 388 ലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്.