ചെന്നൈ-ലോക റാങ്കിംഗില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ വീണ്ടും നാണക്കേടിന്റെ പടുകുഴിയില്‍. ഫിഫ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 117 ാം സ്ഥാനത്തായി. ഒറ്റയടിക്ക് 15 സ്ഥാനങ്ങള്‍ പിറകിലേക്കാണ് ഇന്ത്യ വീണത്. എഷ്യന്‍ കപ്പിലെ ദയനീയ പരാജയങ്ങളാണ് ഇന്ത്യയുടെ റാങ്കിംഗിനെ ബാധിച്ചത്. ദോഹയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാന്‍, സിറിയ ടീമുകളോട് പരാജയപ്പെട്ട ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാനുമായില്ല. ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് മറ്റുള്ള ടീമുകളെല്ലാം രണ്ടാം റൗണ്ടിലേക്ക് കടക്കുകയും ചെയ്തത് നാണക്കേടുണ്ടാക്കിയിരുന്നു.
ഫിഫ റാങ്കിംഗില്‍ ഇന്ത്യ ഇത്രയും താഴേക്ക് പതിക്കുന്നത് ആദ്യമാണ്. നിലവില്‍ 102 ാം സ്ഥാനത്തായിരുന്നു. 2021 ല്‍ 107 ാം സ്ഥാനത്തായിരുന്ന ടീം പിന്നീട് നില അല്‍പം മെച്ചപ്പെടുത്തിയിരുന്നു. എന്നാല്‍ ദോഹ ചാമ്പ്യന്‍ഷിപ്പോടെ വീണ്ടും താഴേക്ക് പതിച്ചു.
ഏഷ്യന്‍ കപ്പില്‍ കളിച്ച മിക്ക രാജ്യങ്ങളുടെയും ഫിഫ റാങ്കിംഗ് മെച്ചപ്പെട്ടിട്ടുണ്ട്. ഖത്തര്‍ മുപ്പത്തിയേഴാം സ്ഥാനത്തും ജോര്‍ദാന്‍ എഴുപതാം സ്ഥാനത്തുമെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായ ജപ്പാന്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് പതിനെട്ടാം റാങ്കിലെത്തി. സെമിയില്‍ എത്തിയ ദക്ഷിണ കൊറിയ ഇരുപത്തി രണ്ടിലേക്കുയര്‍ന്നു. ആഫ്രിക്കന്‍ കപ്പുയര്‍ത്തിയ ഐവറി കോസ്റ്റ് മുപ്പത്തിയൊമ്പതാം സ്ഥാനത്തെത്തി. നൈജീരിയ 28 ാം സ്ഥാനത്തും മൊറോക്കോ പന്ത്രണ്ടാം സ്ഥാനത്തുമാണ്. ആഫ്രിക്കന്‍ ടീമുകളില്‍ മുന്നില്‍ നില്‍ക്കുന്നത് മൊറോക്കോയാണ്.