രാജ്‌കോട്ട്- അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ ഗാലറിയില്‍ ആവേശം കൊണ്ട കശ്മീരുകാരിയെ തേടി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ഫറാസ് മിന്നു ചാര്‍ത്തിയ റുമാന സഹൂറായിരുന്നു ശ്രദ്ധ പിടിച്ചുപറ്റിയത്. ഭാര്യക്ക് സര്‍ഫറാസ് ഫഌയിംഗ് കിസ്സിലൂടെ നന്ദി പ്രകടിപ്പിച്ചു. സര്‍ഫറാസ് ഇന്ത്യന്‍ ക്യാപ് സ്വീകരിച്ചപ്പോള്‍ സന്തോഷത്താല്‍ കണ്ണീര്‍ തൂകുന്ന റുമാനയും ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റി.
കശ്മീരിലെ സോഫിയാന്‍ ജില്ലക്കാരിയാണ് റുമാന. അതിമനോഹരമായ ഈ ഗ്രാമത്തില്‍ വെച്ചായിരുന്നു വിവാഹം. സര്‍ഫറാസിന്റെ ബന്ധുവിനൊപ്പം പഠിച്ചതായിരുന്നു റുമാന. ഈ ബന്ധുവിനൊപ്പം ദല്‍ഹിയില്‍ ക്രിക്കറ്റ് കളി കാണാന്‍ പോയപ്പോഴാണ് സര്‍ഫറാസിനെ ആദ്യം റുമാന കണ്ടുമുട്ടിയത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റന് മുമ്പ് അനില്‍ കുംബ്ലെയില്‍ നിന്ന് ക്യാപ് ഏറ്റുവാങ്ങിയ ശേഷം സര്‍ഫറാസ് നേരെ പോയത് സ്‌റ്റേഡിയത്തിലുണ്ടായിരുന്ന പിതാവ് നൗഷാദ് ഖാന്റെയും ഭാര്യ റുമാനയുടെയും അടുത്തേക്കാണ്. പിതാവ് ആ തൊപ്പി വാങ്ങി അതില്‍ ചുംബിച്ചു. ഭാര്യ ആഹ്ലാദക്കണ്ണീരോട് ഭര്‍ത്താവിനോട് ചേര്‍ന്നു നിന്നു. സര്‍ഫറാസ് ഭാര്യയുടെ കണ്ണീര്‍ തുടയ്ക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.
മകന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിപ്പോള്‍ തന്നെ എല്ലാവര്‍ക്കും നന്ദി അറിയിച്ച് നൗഷാദ് ഖാന്‍ രംഗത്തെത്തിയിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷനും ദേശീയ ക്രിക്കറ്റ് അക്കാദമിക്കും ബി.സി.സി.ഐക്കും സെലക്ടര്‍മാര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും അദ്ദേഹം നേരത്തെ നന്ദി പറഞ്ഞിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമാണ് ഇരുപത്തിയാറുകാരനായ സര്‍ഫറാസിനെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചത്. 66 ഫസ്റ്റ് ക്ലാസ് ഇന്നിംഗ്‌സുകളിലായി 69.85 ശരാശരിയില്‍ 3912 റണ്‍സാണ് താരം ഇതുവരെ നേടിയത്. പിതാവിന്റെ കൂടി കഠിന പ്രയത്‌നമാണ് സര്‍ഫറാസിനെയും സഹോദരന്‍ മുഷീര്‍ ഖാനെയും ക്രിക്കറ്റില്‍ വളര്‍ത്തിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച ആള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത് മുഷീര്‍ ഖാനും ശ്രദ്ധ നേടിയിരുന്നു.