ഇസ്ഫഹാന്‍ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഉജ്വല തിരിച്ചുവരവുമായി അല്‍ഹിലാല്‍. ഇറാനില്‍ സെപാഹനെ 3-1 ന് ഹിലാല്‍ തോല്‍പിച്ചു. റെക്കോര്‍ഡ് തവണ ചാമ്പ്യന്മാരായ സൗദി ക്ലബ്ബ് മുപ്പത്തേഴാം മിനിറ്റ് മുതല്‍ പിന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്നു ഗോളും തിരിച്ചടിച്ചത്. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റ് വരെ കളി 1-1 ആയിരുന്നു. എന്നാല്‍ ഫൈനല്‍ വിസിലിന് സെക്കന്റുകള്‍ ശേഷിക്കെ വീണ രണ്ട് ഗോള്‍ നഖ്‌ഷെ ജഹാന്‍ സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ നിശ്ശബ്ദമാക്കി.
എഴുപത്താറാം മിനിറ്റില്‍ ആതിഥേയരുടെ മുഹമ്മദ് ദനേശ്ഗര്‍ ചുവപ്പ് കാര്‍ഡ് കണ്ട ശേഷം അലകടലായി ഹിലാല്‍ വിജയം തേടി ഇരമ്പിക്കയറുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഡിഫന്റര്‍ റസായിന്‍ സമഷ്‌കന്ദിക്കു മുകളിലുയര്‍ന്ന് അലക്‌സാണ്ടര്‍ മിത്രോവിച്ചാണ് ഒടുവില്‍ വല കുലുക്കിയത്. മൂന്നു മിനിറ്റിനു ശേഷം സാലിം അല്‍ദോസരിയുടെ ത്രൂപാസില്‍ നിന്ന് അബ്ദുല്ല ഹംദാനും ലക്ഷ്യം കണ്ടു.
ഹിലാല്‍ ആക്രമിച്ചു കൊണ്ടിരിക്കെ പ്രത്യാക്രമണത്തില്‍ നിന്നാണ് മുപ്പത്തേഴാം മിനിറ്റില്‍ റാമിന്‍ റസായിനിലൂടെ സെപാഹന്‍ ലീഡ് നേടിയത്. ദനേശ്ഗറിന്റെ ക്രോസ് നെഞ്ചിലെടുത്ത റാമിന്‍ മുന്നോട്ടുകയറിയ ഗോളി യാസിന്‍ ബൂനുവിന്റെ തലക്കു മുകളിലൂടെ വല കുലുക്കി. അമ്പത്തേഴാം മിനിറ്റില്‍ മാല്‍ക്കം ഗോള്‍ മടക്കി. 82ാം മിനിറ്റില്‍ മുഹമ്മദ് അല്‍ബരീഖിന്റെ ക്രോസ് സ്വീകരിക്കുമ്പോള്‍ സെര്‍ജി മിലിന്‍കോവിച് സാവിച്ചിന്റെ മുന്നില്‍ ഒഴിഞ്ഞ വലയായിരുന്നു. പക്ഷെ ഹെഡര്‍ തലനാരിഴ തെറ്റി.