രാജ്‌കോട് - ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ മുന്‍ നായകന്‍ അനില്‍ കുംബ്ലെയില്‍ നിന്ന് ഇന്ത്യന്‍ ക്യാപ് സ്വീകരിച്ചപ്പോള്‍ ഒരു സാധാരണ കുടുംബത്തിന്റെ അസാധാരണ യാത്രയുടെ പരിസമാപ്തിയായിരുന്നത്. മക്കളായ സര്‍ഫറാസും മുശീര്‍ ഖാനും മോയിന്‍ ഖാനും പിച്ച വെച്ചതു മുതല്‍ നൗഷാദിന്റെ സ്വപ്‌നമായിരുന്നു അവരിലൊരാള്‍ ഇന്ത്യക്കു കളിക്കണമെന്ന്. സര്‍ഫറാസ് ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ മുട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മുശീര്‍ കഴിഞ്ഞയാഴ്ച അണ്ടര്‍-19 ലോകകപ്പില്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും പ്രധാന കളിക്കാരിലൊരാളായിരുന്നു. ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ സ്ഥാനം കിട്ടിയ ഓള്‍റൗണ്ടര്‍
സചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയുമൊക്കെ പേരെടുത്ത മുംബൈ ഹാരിസ് ഷീല്‍ഡ് സ്‌കൂള്‍ ക്രിക്കറ്റില്‍ സചിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് പന്ത്രണ്ടാം വയസ്സില്‍ സര്‍ഫറാസ് ഭാവി ഇന്ത്യന്‍ താരമായി വിശേഷിപ്പിക്കപ്പെട്ടത്. 439 റണ്‍സാണ് അന്ന്് സര്‍ഫറാസ് സ്‌കോര്‍ ചെയ്തത്. 14 വര്‍ഷത്തിനു ശേഷം വിലപ്പെട്ട അര്‍ധ ശതകത്തോടെ സീനിയര്‍ ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് അരങ്ങേറി. വിയര്‍പ്പിന്റെയും രക്തത്തിന്റെയും കണ്ണീരിന്റെയും കടലാഴം കൊണ്ട് നൗഷാദ് ഖാന്‍ ഒരുക്കിക്കൊടുത്ത പാതയിലൂടെയാണ് സര്‍ഫറാസും അനുജന്മാരും സഞ്ചരിച്ചത്. വ്യാഴാഴ്ച സര്‍ഫറാസ് ഇന്ത്യന്‍ ക്യാപ് സ്വീകരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളുമായി അബ്ബയും ഉമ്മയും രാജ്‌കോട് സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ടി.വി കമന്ററി സംഘത്തില്‍ ഗസ്റ്റായി നൗഷാദ് പ്രത്യക്ഷപ്പെട്ടു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എഴുപതിന് മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ടായിട്ടും സര്‍ഫറാസിന് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെത്താന്‍ കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പായിരുന്നു സര്‍ഫറാസിന്റെ കരിയര്‍. രാത്രിയുടെ കാത്തിരിപ്പുണ്ടെങ്കിലേ പുലരിയുടെ വെള്ളി വെളിച്ചം വന്നണയൂ എന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു.
മൂന്നാം വിക്കറ്റ് വീണ ശേഷം സര്‍ഫറാസ് കാത്തിരുന്നു. രോഹിത് ശര്‍മയും രവീന്ദ്ര ജദേജയും തമ്മിലുള്ള 55 ഓവറിനും 204 റണ്‍സിനും പാഡണിഞ്ഞ് കാവലിരുന്നു. നാലു മണിക്കൂറോളം. മൂന്ന് ബൗണ്‍സറുകളുമായാണ് മാര്‍ക്ക് വുഡ് പുതിയ താരത്തെ സ്വീകരിച്ചത്. ഷോട് ബോളുകള്‍ കളിക്കാന്‍ പ്രയാസമുണ്ടെന്നു പറഞ്ഞാണ് സെലക്ടര്‍മാര്‍ ഇതുവരെ സര്‍ഫറാസിനെ കാത്തിരുത്തിയത്. റണ്ണെടുക്കും മുമ്പെ റിഹാന്‍ അഹമ്മദിന്റെ ബൗളിംഗില്‍ പുറത്തായോയെന്ന് മൂന്നാം അമ്പയര്‍ പരിശോധിച്ചു. ക്രമേണ ആശങ്കയകന്നു. കളിക്കാരെ ബൗണ്ടറി ലൈനില്‍ നിന്ന് പിന്‍വലിച്ച്, ഷോട്ട് കളിക്കാന്‍ സര്‍ഫറാസിനെ ഇംഗ്ലണ്ട് വെല്ലുവിളിച്ചു. നാലോവറില്‍ നാല് ബൗണ്ടറി. ടോം ഹാര്‍ട്‌ലിയുടെ പന്ത് ഗ്രൗണ്ടിന് പുറത്ത്.
സര്‍ഫറാസ് ബാറ്റിംഗിന് വരുമ്പോള്‍ ജദേജ 84 റണ്‍സെടുത്തിരുന്നു. സര്‍ഫറാസ് 48 പന്തില്‍ അര്‍ധ ശതകം തികച്ചപ്പോള്‍ ജദേജ 96 ലെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. ജദേജ 99 ലെത്തുമ്പോഴേക്കും സര്‍ഫറാസ് 62 ലേക്ക് കുതിച്ചു.
ജദേജയുടെ വിളിയില്‍ റണ്ണൗട്ടാവുന്ന ആദ്യത്തെ ബാറ്ററല്ല സര്‍ഫറാസ്. സചിന്‍ ടെണ്ടുല്‍ക്കറും, അതും 175ലുള്ളപ്പോള്‍, ഹാര്‍ദിക് പാണ്ഡ്യയുമൊക്കെ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒന്നു തിരിഞ്ഞുനോക്കി സര്‍ഫറാസ് ക്രീസ് വിട്ടു. അതൊക്കെ കളിയുടെ ഭാഗമാണെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യക്ക് കളിക്കണമെന്നായിരുന്നു അബ്ബുവിന്റെ സ്വപ്നം, അദ്ദേഹത്തിന് അത് സാധിച്ചില്ല. അബ്ബുവിന്റെ സ്വപ്‌നം എന്നിലൂടെ യാഥാര്‍ഥ്യമായി, ഇതെന്റെ അഭിമാന നിമിഷമാണ് -സര്‍ഫറാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.