ഇറ്റാനഗര്‍ - സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ബുധനാഴ്ച അരുണാചല്‍ പ്രദേശില്‍ ആരംഭിക്കും. ഇതാദ്യമായാണ് സംസ്ഥാനം ഒരു പ്രധാന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇറ്റാനഗര്‍ യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി ഔട്ട്‌ഡോര്‍ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്. ഫൈനല്‍ മാര്‍ച്ച് ഒമ്പതിനാണ്.
മുഖ്യമന്ത്രി പേമ ഖാണ്ഡു സ്റ്റേഡിയം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്ത. അരുണാചല്‍ ടീമിന്റെ ക്യാമ്പ് സന്ദര്‍ശിക്കുകയും ജഴ്‌സി അനാഛാദനം ചെയ്യുകയും ചെയ്തു. അരുണാചല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ഖാണ്ഡു. നിയമസഭാ സ്പീക്കര്‍ പസാംഗ് ദോര്‍ജി സോനയും ഒപ്പമുണ്ടായിരുന്നു.
ഫിഫയുടെ സഹകരണത്തോടെ ഫിഫ സന്തോഷ് ട്രോഫി ടൂര്‍ണമെന്റായി കളി സംഘടിപ്പിക്കാനാണ് എ.ഐ.എഫ്.എഫ് ഉദ്ദേശിച്ചിരുന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ ടൂര്‍ണമെന്റിനെത്തുമെന്നും കരുതിയിരുന്നു. എന്നാല്‍ അരുണാചല്‍ ചൈന കൂടി അവകാശമുന്നയിക്കുന്ന പ്രദേശമായതിനാല്‍ നയതന്ത്രപ്രശ്‌നമാവുമെന്ന് കരുതി ഫിഫ പിന്മാറുകയായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകയും ആതിഥേയരായ അരുണാചല്‍പ്രദേശും പ്രാഥമിക ഘട്ടത്തില്‍ നിന്ന് യോഗ്യത നേടിയ കേരളമുള്‍പ്പെടെ ടീമുകളുമാണ് ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടുക. ആകെ 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും.
ഈ മാസം 21 ന് ഗോള്‍ഡന്‍ ജൂബിലി ഔട്ട്‌ഡോര്‍ സ്‌റ്റേഡിയത്തില്‍ ഫൈനല്‍ റൗണ്ടിന് തുടക്കമാവും. അരുണാചല്‍പ്രദേശും ഗോവയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യമായി ഫല്‍ഡ്‌ലൈറ്റിലായിരിക്കും മത്സരങ്ങള്‍. പരിശീലനത്തിനായി മൂന്ന് ഗ്രൗണ്ട് സജ്ജമാക്കിയിട്ടുണ്ട. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും.
ടൂര്‍ണെന്റിനായി ആതിഥേയ ടീം വലിയ ഒരുക്കമാണ് നടത്തിയത്. സംസ്ഥാനത്തെമ്പാടുമായി നടത്തിയ ട്രയല്‍സില്‍ നിന്ന് 200 കളിക്കാരെ കണ്ടെത്തി. പിന്നീട് അത് 48 കളിക്കാരിലേക്ക് ചുരുക്കി. അവരില്‍ നിന്ന് തെരഞ്ഞെടുത്ത 22 കളിക്കാര്‍ മുന്‍നിര കോച്ചുമാരുടെ കീഴില്‍ തീവ്രപരിശീലനത്തിലാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ അരങ്ങേറുന്നത്.