സൗദി ക്ലബ്ബ് എത്തും മുമ്പെ ആ പ്രതിമകള്‍  നീക്കം ചെയ്യും, ഉറപ്പ് നല്‍കി സെപാഹന്‍

റിയാദ് - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സൗദി അറേബ്യയിലെ അല്‍ഹിലാല്‍ ക്ലബ്ബ് ഇറാനില്‍ സെപാഹനുമായി ഇന്ന് പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഏറ്റുമുട്ടും. സെപാഹന്റെ നഖ്‌ഷെ ജഹാന്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ച ഇറാന്‍ കമാന്റര്‍ ഖാസിം സുലൈമാനിയുടെ അര്‍ധകായ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് സെപാഹന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് ഉറപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം സ്റ്റേഡിയത്തില്‍ റെവല്യൂഷനറി ഗാര്‍ഡ് നേതാവിന്റെ പ്രതിമകള്‍ വെച്ചതില്‍ പ്രതിഷേധിച്ച് അല്‍ഇത്തിഹാദ് അവസാന നിമിഷം കളി റദ്ദാക്കി മടങ്ഹിയിരുന്നു. എ.എഫ്.സി ഇറാന്‍ ക്ലബ്ബിന് ശിക്ഷ നല്‍കുകയും ചെയ്തു. രാഷ്ട്രീയ, വംശീയ ബാനറുകളും പ്രതിമകളും മുദ്രാവാക്യങ്ങളും ഫുട്‌ബോള്‍ ഗ്രൗണ്ടുകളില്‍ പാടില്ലെന്നാണ് ചട്ടം. 
പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ സൗദി അറേബ്യയിലെ തന്നെ അല്‍ഫയ്ഹയെ അന്നസ്ര്‍ 1-0 ന് തോല്‍പിച്ചു. മുന്‍ ഇന്റര്‍മിലാന്‍ മിഡ്ഫീല്‍ഡര്‍ മാഴ്‌സെലൊ ബ്രോസവിച്ചുമായി മനോഹരമായി പന്ത് കൈമാറി മുന്നേറിയ റൊണാള്‍ഡൊ ബോക്‌സിന് മുന്നില്‍ നിരന്ന അല്‍ഫയ്ഹ പ്രതിരോധ നിരക്കു മുകളിലൂടെ പന്ത് വലയിലേക്ക് പറത്തി. 81 ാം മിനിറ്റിലായിരുന്നു ഗോള്‍. 
2002 നു ശേഷം ഒരു കലണ്ടര്‍ വര്‍ഷവും റൊണാള്‍ഡൊ ഗോളടിക്കാതിരുന്നിട്ടില്ല. മുപ്പത്തൊമ്പതുകാരന്‍ തുടര്‍ച്ചയായ 23ാം വര്‍ഷമാണ് ഗോള്‍ വര്‍ഷത്തിലേക്ക് കടക്കുന്നത്. 
നോക്കൗട്ട് റൗണ്ടില്‍ നാല് സൗദി ക്ലബ്ബുകളുണ്ട്. നാലു തവണ ചാമ്പ്യന്മാരായ അല്‍ഹിലാല്‍ വ്യാഴാഴ്ച സെപാഹനുമായി ഏറ്റുമുട്ടും. കരീം ബെന്‍സീമയുടെ അല്‍ഇത്തിഹാദും ഉസ്‌ബെസ്‌ക്കിസ്ഥാനിലെ നവ്ബഹോറുമായാണ് മറ്റൊരു മത്സരം. അല്‍ഐനും ഉസ്‌ബെക്കിസ്ഥാനിലെ നവ്ബഹോറുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
 

Latest News