പാരിസ് - ക്ലബ്ബ് വിടാനൊരുങ്ങുന്ന കീലിയന്‍ എംബാപ്പെ സ്‌കോര്‍ ചെയ്തതോടെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ പാദത്തില്‍ പാരിസ് സെയ്ന്റ് ജര്‍മാന് 2-0 ജയം. റയല്‍ സൊസീദാദിനെ അവര്‍ രണ്ടാം പകുതിയിലെ രണ്ട് ഗോളില്‍ തോല്‍പിച്ചു. വിംഗര്‍ ബ്രാഡ്‌ലി ബാര്‍കോള ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിക്കു വേണ്ടി ഗോളരങ്ങേറ്റം കുറിച്ചു.
2017 ല്‍ 18 കോടി ഡോളറിന് പി.എസ്.ജിയില്‍ ചേര്‍ന്ന എംബാപ്പെ റെക്കോര്‍ഡായ 243 ഗോളാണ് ക്ലബ്ബിന് സമ്മാനിച്ചത്. അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ ലിയോണില്‍ നിന്ന് അഞ്ച് കോടി യൂറോയുടെ കരാരില്‍ ടീമിലെത്തിയ ഇരുപത്തൊന്നുകാരന്‍ ബാര്‍കോള അതിവേഗം ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
എങ്കിലും സൊസൈദാദാണ് ആദ്യ പകുതിയില്‍ കളി നിയന്ത്രിച്ചത്. നിരവധി കളിക്കാര്‍ക്ക് പരിക്കേറ്റതൊന്നും അവരുടെ മുന്നേറ്റങ്ങളെ ബാധിച്ചില്ല. അമ്പത്തെട്ടാം മിനിറ്റില്‍ എംബാപ്പെയുടെ ഗോളോടെയാണ് പി.എസ്.ജി മത്സരത്തിലേക്ക് വന്നത്. ഉസ്മാന്‍ ദെംബെലെയുടെ കോര്‍ണര്‍ കിക്ക് മാര്‍ക്വിഞ്ഞോസ് ഹെഡ് ചെയ്തിടുമ്പോള്‍ ബാക്ക് പോസ്റ്റില്‍ അവസരം കാത്ത് എംബാപ്പെ മാറി നില്‍ക്കുന്നുണ്ടായിരുന്നു.
തൊട്ടുപിന്നാലെ പെനാല്‍ട്ടി ഏരിയയുടെ മുന്നില്‍ നിന്ന് എംബാപ്പെ തൊടുത്തുവിട്ട മിന്നല്‍പിണര്‍ ഗോളി അലക്‌സ് റോമിറൊ ക്രോസ്ബാറിനു മുകളിലൂടെ തട്ടിപ്പറത്തി. എന്നാല്‍ എഴുപതാം മിനിറ്റില്‍ അതിവേഗം കുതിച്ചെത്തിയ ബാര്‍കോള റൈറ്റ് ബാക്ക് ഹമാരി ട്രവോറെയെ വെട്ടിയൊഴിഞ്ഞ് പന്ത് വലയിലേക്ക് പായിച്ചപ്പോള്‍ റോമിറോക്ക് കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. അതിനു ശേഷം പി.എസ്.ജിയുടെ ആവേശം തണുത്തു.
കഴിഞ്ഞ ഏഴ് സീസണുകളില്‍ അഞ്ച് തവണയും പി.എസ്.ജി ചാമ്പ്യന്‍സ് ലീഗില്‍ പ്രി ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ പുറത്തായിരുന്നു.