റോം - എല്ലാ തരത്തിലും ബയേണ്‍ മ്യൂണിക് ശ്രമം നടത്തി, ഹൈബോളുകള്‍, വൈഡായി ആക്രമണം, ഹാഫ് വോളികള്‍, ഹെഡറുകള്‍, ഫ്രീകിക്കുകള്‍.. ഒരു തരത്തിലും അവര്‍ക്ക് ലാസിയൊ വലയില്‍ പന്തെത്തിക്കാനായില്ല. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ബയേണ്‍ 1-0 ന് ലാസിയോയോട് തോറ്റു. 16 ഷോട്ടുകളാണ് ബയേണ്‍ എതിര്‍ ഗോളിലേക്ക് തൊടുത്തുവിട്ടത്, ഒന്നും ഗോളിയെ കടന്നില്ല. രണ്ടാം പകുതിയുടെ മധ്യത്തോടെ ബയേണ്‍ പത്തു പേരായിച്ചുരുങ്ങിയ ശേഷം ലാസിയോക്ക് കിട്ടിയ പെനാല്‍ട്ടി ക്യാപ്റ്റന്‍ സീറോ ഇമ്മോബിലെ ഗോളാക്കിയതോടെ കളിക്ക് വിധിയായി. ജര്‍മന്‍ ലീഗില്‍ മറുപടിയില്ലാത്ത മൂന്നു ഗോളിന് ബയര്‍ ലെവര്‍കൂസനോട് നിര്‍ണായക മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണം മാറും മുമ്പെ ചാമ്പ്യന്‍സ് ലീഗിലും അടിപതറിയതോടെ കോച്ച് തോമസ് ടുഹേലിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുകയാണ്.
നിരവധി അവസരങ്ങളാണ് ബയേണ്‍ പാഴാക്കിയത്. ഏഴാം മിനിറ്റില്‍ തോമസ് മുള്ളറില്‍ നിന്ന് പന്ത് സ്വീകരിക്കുമ്പോള്‍ ഹാരി കെയ്‌നിന്റെ മുന്നില്‍ ഗോള്‍വല മാത്രമായിരുന്നു. കെയ്ന്‍ ഉയര്‍ത്തിയടിച്ചു. ജമാല്‍ മുസിയാല, ജോഷ് കിമിക് എന്നിവരും തുറന്ന അവസരങ്ങള്‍ പാഴാക്കി. ലിറോയ് സാനെയുടെ ഫ്രീകിക്ക് തലനാരിഴ തെറ്റി.
ലെവര്‍കൂസനോട് തോറ്റതിന്റെ ക്ഷീണം ആദ്യ പകുതിയില്‍ തീര്‍ത്തിരുന്നുവെന്നും അതിന്റെ ഫലം ഗോളില്‍ കാണേണ്ടതായിരുന്നുവെന്നും തോമസ് മുള്ളര്‍ പറഞ്ഞു.
ആറു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണ്‍ കഴിഞ്ഞ 12 സീസണുകളില്‍ പതിനൊന്നിലും ക്വാര്‍ട്ടറിലോ അതിനപ്പുറത്തേക്കോ മുന്നേറിയിരുന്നു. അഞ്ചു വര്‍ഷം മുമ്പ് ലിവര്‍പൂളിനോട് പ്രി ക്വാര്‍ട്ടറില്‍ തോറ്റതാണ് ഏക അപവാദം. ലാസിയൊ ആവട്ടെ ഇറ്റാലിയന്‍ ലീഗില്‍ ഏഴാം സ്ഥാനത്ത് പ്രയാസപ്പെടുന്ന ടീമാണ്. മൂന്നു വര്‍ഷം മുമ്പ് ഇതേ ടീമുകള്‍ പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയപ്പോള്‍ ബയേണാണ് ജയിച്ചത്.
ഗുസ്റ്റാവൊ ഐസക്‌സനെ ഫൗള്‍ ചെയ്തതിന് ബയേണ്‍ ഡിഫന്റര്‍ ദയോറ്റ് ഉപമെകാനോയാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. ലാസിയോയുടെ അവസാന മൂന്നു ഗോളുകളും നേടിയ ഇമ്മോബിലെ ഗോളി മാന്വേല്‍ നോയര്‍ക്ക് ഒരവസരവും നല്‍കിയില്ല. സീരീ അ-യില്‍ കഴിഞ്ഞയാഴ്ചയാണ് ഇമ്മോബിലെ 200 ഗോള്‍ തികച്ചത്. ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ മുമ്പ് ഒരിക്കലേ ലാസിയൊ ജയിച്ചിട്ടുള്ളൂ, 24 വര്‍ഷം മുമ്പ് വലന്‍സിയക്കെതിരെ. അപൂര്‍വ വിജയം ലാസിയൊ ആരാധകര്‍ ആട്ടവും പാട്ടുമായി ആഘോഷിച്ചു. സ്‌റ്റേഡിയം ഉച്ചഭാഷിണികളില്‍ നിന്നൊഴുകിയ ടെക്‌നൊ മ്യൂസിക്കിന്റെ അലകള്‍ നഗരത്തെ ഇളക്കി മറിച്ചു.