സോള്‍ -ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ജോര്‍ദാനെതിരായ സെമി ഫൈനലിന്റെ തലേന്ന് രാത്രി തെക്കന്‍ കൊറിയന്‍ ടീമില്‍ തല്ല് നടന്നതായും ക്യപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന്നിന്റെ കൈയില്‍ പരിക്കേറ്റതായും കൊറിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് നേരത്തെ ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തല്ല് കേസിലുള്‍പ്പെട്ട ഒരു കളിക്കാരന്‍ മാപ്പ് പറഞ്ഞതായി അസോസിയേഷന്‍ അറിയിച്ചു.
23ാം റാങ്കുകാരായ കൊറിയയെ 2-0 ന് തോല്‍പിച്ച് 87ാം റാങ്കുകാരായ ജോര്‍ദാന്‍ ഫൈനലിലെത്തിയിരുന്നു. മത്സരത്തലേന്ന് രാത്രി അത്താഴം കഴിക്കുന്നതിനിടെയാണ് കളിക്കാര്‍ ഏറ്റുമുട്ടിയതെന്ന് ദ സണ്‍ പത്രം വെളിപ്പെടുത്തി. പി.എസ്.ജിയുടെ ലീ കാംഗ് ഉള്‍പ്പെടെ യുവ താരങ്ങള്‍ ധൃതി പിടിച്ച് അത്താഴം കഴിക്കുകയും ടേബിള്‍ ടെന്നിസ് കളിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് ബഹളത്തിന് ഇടയാക്കിയത്. അത്താഴ വേള പരസ്പരം മനസ്സിലാക്കാനുള്ളതാണെന്നും എഴുന്നേറ്റ് പോവരുതെന്നും സോനുള്‍പ്പെടെ സീനിയര്‍ കളിക്കാര്‍ പറഞ്ഞതോടെ വാക്കേറ്റവും തുടര്‍ന്ന് കശപിശയുമായി. സോനിന്റെ വിരലുകള്‍ക്ക് കാര്യമായ പരിക്കു പറ്റി. രോഷാകുലനായ സോന്‍ യുവ താരം ലീയെ പിടിച്ചു തള്ളാന്‍ ശ്രമിക്കുകയും ലീ ഇടിക്കുകയും ചെയ്‌തെന്നാണ് വാര്‍ത്ത.