രാജ്‌കോട് - ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് പുതുമുഖങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കും. ഒരു ഇന്റര്‍നാഷനല്‍ ക്രിക്കറ്ററാവാനുള്ള മുംബൈയുടെ സര്‍ഫറാസ് ഖാന്റെ കാത്തിരിപ്പിന് ഒടുവില്‍ അവസാനമായേക്കും. ബാറ്റിംഗില്‍ തുടരെ പരാജയപ്പെടുന്ന കെ.എസ് ഭരതിനു പകരം ധ്രുവ് ജൂറലിനെ ഇന്ത്യ പരീക്ഷിക്കും. ഫിറ്റ്‌നസ് നേടി തന്റെ ഹോം ഗ്രൗണ്ടില്‍ രവീന്ദ്ര ജദേജയും തിരിച്ചെത്തും. ശ്രേയസ് അയ്യര്‍ക്കു പകരമാണ് സര്‍ഫറാസ് കളിക്കുക. ജദേജക്കു വേണ്ടി അക്ഷര്‍ പട്ടേല്‍ മിക്കവാറും സ്ഥാനമൊഴിഞ്ഞു കൊടുക്കും.
ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റില്‍ ഒരു പെയ്‌സ്ബൗളറും നാല് സ്പിന്നര്‍മാരുമായി കളിച്ച സന്ദര്‍ശകര്‍ പച്ചപ്പുള്ള രാജ്‌കോട്ടിലെ പിച്ചില്‍ രണ്ട് പെയ്‌സര്‍മാരെ കളിപ്പിക്കും. ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കിട്ടാതിരുന്ന മാര്‍ക്ക് വുഡ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. വുഡിന്റെ എക്‌സ്പ്രസ് പെയ്‌സിന് യോജിച്ചതായിരുന്നില്ല ആദ്യ ടെസ്റ്റ് നടന്ന ഹൈദരാബാദിലെ പിച്ച്. വുഡിനു പകരം വിശാഖപട്ടണം ടെസ്റ്റില്‍ കളിച്ച ജെയിംസ് ആന്‍ഡേഴ്‌സനും ടീമിലുണ്ട്. സ്പിന്നര്‍ ശുഐബ് ബഷീറിനാണ് സ്ഥാനം നഷ്ടപ്പെട്ടത്.
സര്‍ഫറാസിന്റെ ദിനം
ആഭ്യന്തര ക്രിക്കറ്റില്‍ കൊട്ടക്കണക്കിന് റണ്‍സ് സമ്പാദിച്ച് ഏറെക്കാലമായി സര്‍ഫറാസ് ഇന്ത്യന്‍ ടീമിന്റെ വാതില്‍ക്കല്‍ മുട്ടുന്നുണ്ട്. 70 ന് മുകളിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സര്‍ഫറാസിന്റെ ബാറ്റിംഗ് ശരാശരി. പെയ്‌സ്ബൗളിംഗ് നേരിടുന്നതിലെ ദൗര്‍ബല്യമാണ് സര്‍ഫറാസിനെതിരെ ഇതുവരെ ഉയര്‍ത്തിയ വിമര്‍ശനം. യാഥാര്‍ഥ്യം എന്താണെന്ന് ഇനിയുള്ള ദിനങ്ങള്‍ തെളിയിക്കും.
സര്‍ഫറാസും ജൂറലും ചേരുന്നതോടെ ഇന്ത്യയുടെ മധ്യനിരക്ക് അങ്ങേയറ്റം പ്രായം കുറയും. രോഹിത് ശര്‍മ മാത്രമായിരിക്കും മുന്‍നിരയിലെ ഏക പരിചയസമ്പന്നന്‍. ഒപ്പം ബാറ്റ് ചെയ്യുന്നത് യശസ്വി ജയ്‌സ്വാള്‍ (ആറ് ടെസ്റ്റ്), ശുഭ്മന്‍ ഗില്‍ (22), രജത് പട്ടിധാര്‍ (1), സര്‍ഫറാസ് (0), ജൂറല്‍ (0) എന്നിവരായിരിക്കും. ഇന്ത്യയുടെ പരിചയസമ്പത്തില്ലാത്ത ബാറ്റര്‍മാരും ഇംഗ്ലണ്ടിന്റെ പരിചയക്കുറവുള്ള സ്പിന്നര്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും രാജ്‌കോട് ടെസ്റ്റ്.
പ്രശ്‌നം വിക്കറ്റിന് മുന്നില്‍
വിക്കറ്റിന് പിന്നിലല്ല, മുന്നിലെ പ്രശ്‌നം കാരണമാണ് ഭരതിന് സ്ഥാനം നഷ്ടപ്പെടുന്നത്. ഏഴ് ടെസ്റ്റില്‍ 221 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്യാനേ ഭരതിന് സാധിച്ചിട്ടുള്ളൂ.
രാജ്‌കോട് പിച്ച് പരമ്പരാഗതമായി ഇന്ത്യയിലെ ഏറ്റവും ബാറ്റിംഗനുകൂല ഗ്രൗണ്ടുകളിലൊന്നാണ്. ചേതേശ്വര്‍ പൂജാരയും രവീന്ദ്ര ജദേജയും സൗരാഷ്ട്രക്കു വേണ്ടി കൊട്ടക്കണക്കിന് സെഞ്ചുറികളും ഡബ്ള്‍ സെഞ്ചുറികളും ട്രിപ്പിള്‍ സെഞ്ചുറിയും ഇവിടെ സ്‌കോര്‍ ചെയ്തിട്ടുണ്ട്.