ദ ഹേഗ് - ഒരു കിലോഗ്രാം ലഹരി മരുന്ന് കടത്തിയ കേസില്‍ നെതര്‍ലാന്റ്‌സിന്റെ മുന്‍ ഇന്റര്‍നാഷനല്‍ ഫുട്‌ബോളര്‍ ക്വിന്‍സി പ്രോംസിന് ആറു വര്‍ഷം ജയില്‍ ശിക്ഷ. അയാക്്‌സ് ഉള്‍പ്പെടെ പ്രമുഖ ടീമുകല്‍ക്ക് കളിച്ച മുപ്പത്തിരണ്ടുകാരന്‍ കിലോക്കണക്കിന് ലഹരിമരുന്ന് കടത്ത് ഇടപാടുകളില്‍ പങ്കാളിയായിരുന്നുവെന്നാണ് സൂചന. ഇപ്പോള്‍ റഷ്യയില്‍ സ്പാര്‍ടക് മോസ്‌കോയുടെ വിംഗറാണ്. റഷ്യയില്‍ നിന്ന് താരത്തെ നെതര്‍ലാന്റ്‌സിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചിട്ടില്ല.
നിരവധി പേര്‍, പ്രത്യേകിച്ച് യുവജനത, ആരാധിക്കുന്ന കളിക്കാരനാണ് ക്വിന്‍സിയെന്നും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുന്ന, ലോകമെങ്ങും ആരാധകരുള്ള വ്യക്തിയാണെന്നും ആംസ്റ്റര്‍ഡാം കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരാള്‍ അത്യാര്‍ത്തി കാണിക്കുകയും രാജ്യാന്തര കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാവുകയും ചെയ്തത് ഗുരുതരമായ കുറ്റമാണ്. 2020 ല്‍ ബ്രസീലില്‍ നിന്നാണ് ബെല്‍ജിയത്തിലെ ആന്റ്‌വേര്‍പ് തുറമുഖം വഴി നെതര്‍ലാന്റ്‌സിലേക്ക് പ്രോംസ് 1363 ഗ്രാം കൊക്കയ്ന്‍ കടത്തിയത്. കള്ളപ്പേരില്‍ പ്രോംസ് അയച്ച സന്ദേശങ്ങളാണ് പോലീസിനെ ഉണര്‍ത്തിയത് -കോടതി പറഞ്ഞു.
ഒരു നെക്ക്‌ലേസ് മോഷണവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുവിനെ കുത്തിയ കേസില്‍ പ്രോംസിന് ഒന്നര വര്‍ഷം നേരത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
നെതര്‍ലാന്റ്‌സിനു വേണ്ടി പ്രോംസ് 50 മത്സരങ്ങള്‍ കളിക്കുകയും ഏഴ് ഗോളടിക്കുകയും ചെയ്തിട്ടുണ്ട്. യൂറോ 2021 ല്‍ ചെക് റിപ്പബ്ലിക്കിനെതിരെ പ്രി ക്വാര്‍ട്ടറിലാണ് അവസാനം ഓറഞ്ച് കുപ്പായമിട്ടത്. 2014 മുതല്‍ 2018 വരെ റഷ്യയില്‍ സ്പാര്‍ടക് മോസ്‌കോക്ക് ആദ്യം കളിച്ച കാലത്ത് റഷ്യന്‍ പ്ലയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.