ഭാസ്‌കർ ദ റാസ്‌കൽ എന്ന ചിത്രത്തിൽ ഐ ലവ് യു മമ്മി എന്നു പാടി നടന്ന ശിവാനിയെ ഓർമയില്ലേ... സിദ്ദീഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നയൻതാരയുടെ മകളായി അമ്മയെ നേർവഴിക്ക് നടത്താൻ തന്റേടം കാണിക്കുന്ന കുട്ടിയായിരുന്നു അനിഖാ സുരേന്ദ്രൻ. മലയാളികളുടെ മനസ്സിന്റെ മുറ്റത്ത് ഓടിക്കളിച്ചുനടന്ന ഈ മലപ്പുറത്തുകാരി ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നായികാമുഖമാണ്. ദി ഗോസ്റ്റ്, ബുട്ടാ ബൊമ്മൈ എന്നീ തെലുങ്കു ചിത്രങ്ങളിൽ വേഷമണിഞ്ഞ അനിഖ ബുട്ടാ ബൊമ്മൈയിൽ അർജുൻ ദാസിന്റെ നായികയായിരുന്നു. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായി. ബാലതാരത്തിൽനിന്നും നായികാനിരയിലേയ്ക്കുള്ള വളർച്ചയായിരുന്നു കണ്ടത്.
ഛോട്ടാ മുംബൈയിൽ മോഹൻലാലിന്റെ മകളായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനിഖയെ കാത്തിരുന്നത് ഒന്നിനൊന്നു മികച്ച വേഷങ്ങളായിരുന്നു. സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിൽ ആസിഫ് അലിയുടെയും മമതയുടെയും മകളായി ലയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് അഭിനയജീവിതത്തിൽ ടേണിംഗ് പോയന്റായത്. ഫോർ ഫ്രന്റ്‌സിലെ ദേവൂട്ടിയായും റേസിലെ അച്ചുവായും നയനയിലെ നയനയായും ഗ്രേറ്റ് ഫാദറിലെ സാറാ ഡേവിഡായുമെല്ലാം ഒട്ടേറെ ബാലകഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുടർന്ന് തമിഴിലേയ്ക്കു ചേക്കേറിയ അനിഖ യെന്നൈ അറിന്താൽ, നാനും റൗഡിതാൻ, വിശ്വം, മാമനിതൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ഈ കൊച്ചുമിടുക്കി കൈപ്പിടിയിലാക്കിയിരുന്നു. സംവിധായകനായും അഭിനേതാവായും വേഷപ്പകർച്ച നടത്തുന്ന ധനുഷിന്റെ അൻപതാമത്തെ പേരിടാത്ത ചിത്രത്തിലാണ് അനിഖ നായികയാകുന്നത്. കൂടാതെ വസന്ത് രവി നായകനാകുന്ന ഇന്ദ്ര എന്ന ഹൊറർ ചിത്രത്തിലും നായികാവേഷത്തിലെത്തുന്നു. ഈ വർഷം പുറത്തിറങ്ങുന്ന രണ്ടു ചിത്രങ്ങളിലൂടെ തമിഴകത്ത് നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് അനിഖ സുരേന്ദ്രൻ. അനിഖയുടെ വാക്കുകളിലേയ്ക്ക്...
സിനിമയാണ് തന്റെ തട്ടകം എന്ന തിരിച്ചറിവ്
എനിക്ക് കംഫർട്ടബിളും ചെയ്യാൻ ഇഷ്ടമുള്ളതുമായ ഒരു മേഖലയാണ് സിനിമാഭിനയം. ഭാവിയിൽ എന്താകുമെന്ന് പറയാനാവില്ല. എന്നിരുന്നാലും അഭിനയവഴിയിൽ മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം. അഭിനയയാത്ര ഏതു രീതിയിലാകുമെന്ന് പറയാനാവില്ല. ഇപ്പോഴുള്ളതുപോലെ നല്ല രീതിയിൽ തുടർന്നാൽ അഭിനയത്തിൽ തന്നെ ഉറച്ചുനിൽക്കാനാണ് തീരുമാനം.
അഭിനയയാത്ര
14 വർഷത്തോളമായി അഭിനയജീവിതം തുടങ്ങിയിട്ട്. ബാലതാരം മുതൽ ഇന്നത്തെ അവസ്ഥയിൽ എത്തുന്നതുവരെ പടിപടിയായാണ് വളർന്നുവന്നത്. ഈ യാത്രയ്ക്കിടയിൽ പരിചയസമ്പത്തും കഴിവുമുള്ള സംവിധായകരുടെയും അഭിനേതാക്കളുടെയും കൂടെ ജോലി ചെയ്യാൻ കഴിഞ്ഞു. ആരാധനയോടെ കണ്ടവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്നല്ലാതെ എന്തുപറയാൻ. ഓരോ സിനിമയും ഓരോ പാഠപുസ്തകമാണ്. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പകർന്നുതന്ന പാഠങ്ങളാണ് അഭിനയജീവിതത്തിന് മുതൽകൂട്ടായുള്ളത്. മമ്മൂക്കയോടൊപ്പം ഭാസ്‌കർ ദ റാസ്‌കൽ എന്ന ചിത്രത്തിൽ വേഷമിടാൻ കഴിഞ്ഞു. അജിത് സാറിനൊപ്പം വിശ്വാസം എന്ന ചിത്രത്തിലും വേഷമിട്ടു. ഇപ്പോഴിതാ ധനുഷ് സാറിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും നല്ല അനുഭവമായിരുന്നു. കനി കുസൃതിയുടെ മകളായി മാ എന്ന ഹ്രസ്വചിത്രത്തിലും വേഷമിട്ടു. അവരുടെയെല്ലാം അഭിനയം കാണുമ്പോൾ ശരിക്കും വിസ്മയമായിരുന്നു. ദൈവാനുഗ്രഹമായാണ് ഇതിനെ കാണുന്നത്. അഭിനയവഴിയിലൂടെ ഇനിയും ഒരുപാട് ഉയരങ്ങളിലേയ്ക്ക് യാത്ര ചെയ്യണമെന്നാണ് ആഗ്രഹം. ഇന്നത്തെ അവസ്ഥയിൽ ഏറെ സന്തോഷമുണ്ട്.
അന്യഭാഷകളിലെത്തിയപ്പോഴുണ്ടായ അനുഭവം
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചുകഴിഞ്ഞു. അവിടത്തെ പ്രേക്ഷകരും വ്യത്യസ്ത കാഴ്ചപ്പാടോടെയാണ് സിനിമകൾ കാണുന്നത്. മലയാളത്തിൽ നായികയായത് ഓ മൈ ഡാർലിങ് എന്ന ചിത്രത്തിലാണ്. തെലുങ്കിൽ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴകത്ത് അടുത്ത കാലത്താണ് നായികയായി വേഷമിട്ടത്. ധനുഷ് സാറിന്റെ ചിത്രത്തിലാണ് ആദ്യമായി പ്രധാന വേഷത്തിൽ അഭിനയിച്ചത്. തൃഷ മാമിന്റെ മകളായി യെന്നൈ അറിന്താൽ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. നായികയായി അഭിനയിച്ച ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ. എങ്കിൽ മാത്രമേ പ്രേക്ഷകപ്രതികരണം മനസ്സിലാക്കാനാവൂ.
അഞ്ചുസുന്ദരികളിലൂടെ മികച്ച ബാലതാരമായി
അഞ്ചു സുന്ദരികളിൽ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെയാണ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. കഥ എന്താണെന്നുപോലും അറിയാതെയായിരുന്നു അഭിനയിച്ചിരുന്നത്. അന്ന് മൂന്നാം ക്ലാസിലായിരുന്നു പഠനം. ദിലീഷേട്ടൻ കഥ പറഞ്ഞുതരും. ഓരോ സീനും എങ്ങനെയാണ് ചെയ്യെണ്ടതെന്നും പറയും. അതുപോലെ അഭിനയിച്ചു എന്നു മാത്രം. പിന്നീടാണ് സിനിമയെ സീരിയസായി കണ്ടുതുടങ്ങിയത്.
തെലുങ്കിലെ അഭിനയാനുഭവം
കപ്പേളയുടെ തെലുങ്ക് പതിപ്പിലൂടെയാണ് തെലുങ്കിൽ നായികയായത്. ബുട്ട് ബൊമ്മ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഭാഷ അറിയാത്തതിനാൽ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. ഡയലോഗുകൾ പഠിക്കാൻ പ്രയാസമായിരുന്നു. മലയാളത്തിൽ അന്ന ബെൻ മനോഹരമാക്കിയ വേഷം. എന്റേതായ ശൈലിയിലൂടെ അവതരിപ്പിക്കുകയായിരുന്നു. ശരിക്കും വെല്ലുവിളി തന്നെയായിരുന്നു. സംവിധായകൻ ഷൗരി ചന്ദ്രശേഖർ നല്ല സഹകരണമായിരുന്നു നൽകിയത്. ഒരിക്കലും നിർബന്ധിച്ചിരുന്നില്ല. നിന്റേതായ രീതിയിൽ ചെയ്യണമെന്നാണ് പറഞ്ഞത്. നന്നായി ആസ്വദിച്ചാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. നല്ലൊരു ടീമിന്റെ സഹകരണമുണ്ടായിരുന്നതുകൊണ്ട് കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുതന്നെയാണ് വിശ്വാസം.
അന്യഭാഷകളിലും ചുവടുറപ്പിക്കുകയാണോ
അന്യഭാഷകളിൽ അഭിനയിക്കുന്നതിൽ വ്യത്യാസമൊന്നുമില്ല. ഭാഷയാണ് പ്രശ്‌നം. മലയാളം മാതൃഭാഷയായതിനാൽ പ്രശ്‌നമില്ല. തമിഴും വലിയ ബുദ്ധിമുട്ടില്ലാതെ പഠിച്ചെടുത്തു. എന്നാൽ തെലുങ്കാണ് വില്ലനായത്. ഗോസ്റ്റ് എന്ന ചിത്രത്തിൽ വേഷമിടുമ്പോൾ ഡയലോഗുകളെല്ലാം കാണാപ്പാഠം പഠിച്ചാണ് പറഞ്ഞിരുന്നത്. ഇടയ്‌ക്കെങ്ങാനും മുറിഞ്ഞുപോയാൽ കൂട്ടിച്ചേർക്കാൻ സ്വന്തമായി ഒരു ഡയലോഗു പോലും പറയാൻ അറിയില്ല എന്ന ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുത്തിയിരുന്നു പഠിച്ചാണ് ലൊക്കേഷനിലെത്തിയിരുന്നത്.
ബോളിവുഡിൽ നിന്നും ക്ഷണമെത്തിയാൽ
ക്ഷണമെത്തിയാൽ ഒരിക്കലും നോ എന്നു പറയില്ല. എന്റെ കൈയെത്തും ദൂരത്തല്ല അതൊന്നും. ഇതുവരെ വിളിയൊന്നും വന്നിട്ടില്ല. അങ്ങനെ ഒരു ക്ഷണമെത്തിയാൽ അപ്പോൾ നോക്കാം. ഇപ്പോൾ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ്.