ജിദ്ദ - സൗദി അറേബ്യയിലെ തന്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് അള്‍ജീരിയന്‍ ഫുട്‌ബോളര്‍ റിയാദ് മഹ്‌റേസിന്റെ ഭാര്യ ടയ്‌ലര്‍ വാഡ്. മാഞ്ചസ്റ്റര്‍ സിറ്റി വിട്ട മഹ്‌റേസ് ഇപ്പോള്‍ ജിദ്ദയില്‍ അല്‍അഹ്‌ലിയിലാണ് കളിക്കുന്നത്. താന്‍ സൗദി പ്രൊ ലീഗിലേക്ക് പോവുകയാണെന്ന് മഹ്‌റേസ് ആദ്യം പറഞ്ഞപ്പോള്‍ അമ്പരന്നു പോയെന്ന് വാഡ് വെളിപ്പെടുത്തി. ഞങ്ങള്‍ അവധിക്കാലമാഘോഷിക്കുകയായിരുന്നു. സൗദിയെക്കുറിച്ച് ഒന്നും അറിയാമായിരുന്നില്ല. സിറ്റി ടീമിനൊപ്പം പ്രി സീസണ്‍ മത്സരത്തിന് പോകുന്ന കാര്യം തലേന്ന് ചര്‍ച്ച ചെയ്തിരുന്നു. അതിനു പിന്നാലെയായിരുന്നു സൗദി ക്ലബ്ബില്‍ ചേരുന്ന കാര്യം അറിയിച്ചത്. എന്നാല്‍ സൗദി തന്നെ അമ്പരപ്പിച്ചുവെന്ന് വാഡ് പറഞ്ഞു. ഇവിടെ ജീവിതം ശാന്തവും സുന്ദരവുമാണ്. മാഞ്ചസ്റ്ററിലെപ്പോലെ തിരക്കേറിയതും ബഹളമയവുമല്ല. ഇവിടത്തെ അന്തരീക്ഷം തന്നെ വേറെയാണ്. എല്ലായ്‌പോഴും ഞങ്ങള്‍ പുറത്ത് കറങ്ങുന്നു, സുഹൃത്തുക്കളെ കാണുന്നു. ആളുകള്‍ എത്ര ആദരവോടെയാണ് പെരുമാറുന്നത് എന്നതാണ് എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയത്. എനിക്ക് ഇവിടത്തെ ജീവിതം അവധിക്കാലം പോലെ സുന്ദരമായി തോന്നുന്നു -വാഡ് പറഞ്ഞു.
മാരീഡ് ടു ദ ഗെയിം എന്ന ഡോകുമെന്ററിയിലാണ് ഇരുപത്താറുകാരിയായ മോഡല്‍ തന്റെ അനുഭവം അയവിറക്കുന്നത്. റിയാദിനും വാഡിനും 18 മാസം പ്രായമുള്ള മകളുണ്ട്, മില.