ജിദ്ദ -അല്‍ഇത്തിഹാദില്‍ കോച്ച് മാഴ്‌സെലൊ ഗലാഡോയുമായി സ്വരച്ചേര്‍ച്ചയിലല്ലാതിരുന്ന കരീം ബെന്‍സീമ അനുരഞ്ജനത്തിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. ഡിലീറ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ പുനഃസ്ഥാപിച്ചു. താന്‍ ടീമിലെ 11 കളിക്കാരിലൊരാളാണെന്നും ടീമിന്റെ വിജയത്തിനായി എല്ലാ ശ്രമവും നടത്തണമെന്ന് ബോധ്യമുണ്ടെന്നും ബെന്‍സീമ പറഞ്ഞു. സൗദി അറേബ്യ പുതിയ വെല്ലുവിളിയാണ്, ആ വെല്ലുവിളി എനിക്ക് ഇഷ്ടമാണ്. ഒരു മുസ്‌ലിം രാജ്യത്തെ ദീര്‍ഘകാല പദ്ധതിയായാണ് ഞാനിത് തെരഞ്ഞെടുത്തത്. വെറുമൊരു ഫുട്‌ബോള്‍ കളിക്കാരനായല്ല ഇവിടെയെത്തിയത്, ഒരു അംബാസഡര്‍ കൂടിയാണ്. സൗദി ലീഗില്‍ മികച്ച കളിക്കാരുണ്ട്. കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ ആകര്‍ഷിക്കുക എന്റെ ദൗത്യമാണ്. യൂറോപ്യന്‍ ലീഗുകളുടെ നിലവാരത്തിലേക്ക് സൗദി ലീഗിനെ ഉയര്‍ത്തണം -ബെന്‍സീമ പറഞ്ഞു.
ഡിസംബറില്‍ അന്നസ്‌റിനെതിരായ മത്സരത്തിലെ 2-5 തോല്‍വിക്കു ശേഷം ആരാധകരില്‍ നിന്നുണ്ടായ രോഷപ്രകടനമാണ് ബെന്‍സീമയെ തന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.