രാജ്‌കോട് - നാളെ രാജ്‌കോട്ടില്‍ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റില്‍ ഒരു പെയ്‌സ്ബൗളറും നാല് സ്പിന്നര്‍മാരുമായി കളിച്ച സന്ദര്‍ശകര്‍ പച്ചപ്പുള്ള രാജ്‌കോട്ടിലെ പിച്ചില്‍ രണ്ട് പെയ്‌സര്‍മാരെ കളിപ്പിക്കണം. ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കിട്ടാതിരുന്ന മാര്‍ക്ക് വുഡ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. ആദ്യ ടെസ്റ്റ് നടന്ന ഹൈദരാബാദിലെ പിച്ച് വുഡിന്റെ എക്‌സ്പ്രസ് പെയ്‌സിന് യോജിച്ചതായിരുന്നില്ല. വുഡിനു പകരം വിശാഖപട്ടണം ടെസ്റ്റില്‍ കളിച്ച ജെയിംസ് ആന്‍ഡേഴ്‌സനും ടീമിലുണ്ട്. വിശാഖപട്ടണത്ത് അഞ്ചു വിക്കറ്റെടുത്ത ആന്‍ഡേഴ്‌സന് 700 വിക്കറ്റ് ക്ലബ്ബില്‍ സ്ഥാനം നേടാന്‍ അഞ്ച് വിക്കറ്റ് കൂടി വേണം.
വുഡിന് സ്പിന്നര്‍ ശുഐബ് ബഷീറാണ് സ്ഥാനമൊഴിഞ്ഞു കൊടുക്കുക. വിശാഖപട്ടണം ടെസ്റ്റില്‍ ശുഐബ് നാല് വിക്കറ്റോടെ അരങ്ങേറിയിരുന്നു.
വിസ പ്രശ്‌നം കാരണം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവില്‍ പ്രശ്‌നങ്ങള്‍ നേരിട്ട ലെഗ്‌സ്പിന്നര്‍ റിഹാന്‍ അഹമ്മദ് സ്ഥാനം നിലനിര്‍ത്തി. റിഹാന്റെ വിസ പ്രശ്‌നം മത്സരത്തിന് മുമ്പ് പരിഹരിക്കപ്പെടുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ടോം ഹാര്‍ട്‌ലിയാണ് രണ്ടാമത്തെ സ്പിന്നര്‍. പാര്‍ട് ടൈം സ്പിന്നറായ ജോ റൂട്ട് സ്പിന്‍ ബൗളിംഗിന്റെ വലിയ ഭാരം ചുമലിലേറ്റുന്നുണ്ട്.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ നൂറാം ടെസ്റ്റാണ് ഇത്.