ഹാമില്‍ടണ്‍ - അരങ്ങേറ്റത്തില്‍ പെയ്‌സ്ബൗളര്‍ വില്‍ ഒറൂര്‍ക്ക് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ യുവനിര തകര്‍ന്നു. ആറിന് 220 ല്‍ രണ്ടാം ദിനം ആരംഭിച്ച അവര്‍ 22 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഓളൗട്ടായി. അവസാന നാലു വിക്കറ്റില്‍ മൂന്നും ഇടങ്കൈയന്‍ പെയ്‌സര്‍ റൂര്‍ക്ക് സ്വന്തമാക്കി. 59 റണ്‍സിന് അരങ്ങേറ്റ ഇന്നിംഗ്‌സില്‍ റൂര്‍ക്കിന് നാലു വിക്കറ്റ് കിട്ടി. മറുപടിയായി കിവീസ് ഒന്നിന് 75 റണ്‍സിലെത്തി. ഡെവോണ്‍ കോണ്‍വെയെ നാലാമത്തെ പന്തില്‍ ഡെയ്ന്‍ പീറ്റേഴ്‌സന്‍ പുറത്താക്കി.
ദക്ഷിണാഫ്രിക്ക തകര്‍ച്ചയോടെയാണ് തുടങ്ങിയ്. ഓപണര്‍ ക്ലയ്ഡ് ഫോര്‍ച്യൂണ്‍ (0) നേരിട്ട ആദ്യ പന്തില്‍ പുറത്തായി. നീല്‍ ബ്രാന്റ് (25), റയ്‌നാര്‍ഡ് വാന്‍ടോന്‍ഡര്‍ (32), സുബൈര്‍ ഹംസ (20), ഡേവിഡ് ബെഡിംഗാം (39) എന്നിവരൊക്കെ നന്നായി തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. ഏക അര്‍ധ സെഞ്ചുറി റുവാന്‍ ഡിസ്വാര്‍റ്റിന്റേതാണ് (64). സ്വാര്‍റ്റും ഷോണ്‍വോണ്‍ ബെര്‍ഗും (38) ഏഴാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. രചിന്‍ രവീന്ദ്രക്ക് മൂന്നു വിക്കറ്റ് ലഭിച്ചു.