കോപന്‍ഹാഗന്‍ - പരിക്കിനു ശേഷം കെവിന്‍ ഡിബ്രൂയ്‌നെ മാസ്മരിക ഫോമിലേക്ക് തിരിച്ചുവന്ന യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫു്ടബോള്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഉജ്വല ജയം. പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ 3-1 ന് കോപന്‍ഹാഗനില്‍ എഫ്.സി കോപന്‍ഹാഗനെ തകര്‍ത്തു. മൂന്നു ഗോളിലും ഡിബ്രൂയ്‌നെ ഉള്‍പ്പെട്ടിരുന്നു.
തുടക്കത്തില്‍തന്നെ ഡിബ്രൂയ്‌നെയിലൂടെ സിറ്റി ലീഡ് നേടിയെങ്കിലും കളിയുടെ ഗതിക്കെതിരെ മാഗ്‌നസ് മാറ്റ്‌സണിലൂടെ കോപന്‍ഹാഗന്‍ തിരിച്ചടിച്ചിരുന്നു. ഇടവേളക്ക് മുമ്പെ ബെര്‍ണാഡൊ സില്‍വ സിറ്റിയുടെ ലീഡ് തിരിച്ചുപിടിച്ചു. എന്നാല്‍ വിജയമുറപ്പിക്കാന്‍ ഇഞ്ചുറി ടൈം വരെ സിറ്റിക്ക് പൊരുതേണ്ടി വന്നു. ഡിബ്രൂയ്‌നെയുടെ കട്ട് ബാക്ക് ഗോളാക്കി ഫില്‍ ഫോദനാണ് മൂന്നാമത്തെ ഗോളടിച്ചത്.
സീസണിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ ഡിബ്രൂയ്‌നെ അഞ്ചു മാസത്തിനു ശേഷമാണ് തിരിച്ചുവന്നത്. തിരിച്ചുവന്ന ശേഷം ഏഴ് കളികളില്‍ രണ്ട് ഗോളടിക്കുകയും ഏഴ് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. എല്ലാ ടൂര്‍ണമെന്റിലുമായി സിറ്റിയുടെ തുടര്‍ച്ചയായ പതിനൊന്നാം ജയമാണ് ഇത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഗലതസറായിയും പുറത്താക്കിയാണ് കോപന്‍ഹാഗന്‍ പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അതിനു ശേഷം രണ്ടു മാസത്തോളം അവര്‍ക്ക് കളിയുണ്ടായിരുന്നില്ല. മത്സരപരിശീലനത്തിന്റെ കുറവ് തുടക്കത്തില്‍ ദൃശ്യമായിരുന്നു. തുടക്കം മുതല്‍ ആഞ്ഞടിച്ച സിറ്റി രണ്ടു തവണ ഗോള്‍മുഖം വിറപ്പിച്ചു. പത്താം മിനിറ്റില്‍ ഫോദന്റെ പാസില്‍ നിന്ന് ഡിബ്രൂയ്‌നെ സ്‌കോര്‍ ചെയ്തു. ആദ്യ 35 മിനിറ്റില്‍ കോപന്‍ഹാഗന്‍ കളിക്കാര്‍ എതിര്‍ പകുതി കടന്നില്ല. ജാക്ക് ഗ്രീലിഷ് പരിക്കേറ്റ് പിന്മാറിയതു മാത്രമാണ് സിറ്റിക്ക് നിരാശ നല്‍കിയത്.
ഗോള്‍കീപ്പര്‍ എഡേഴ്‌സന്റെ അലക്ഷ്യമായ അടിയാണ് കോപന്‍ഹാഗന്‍ ഗോളിന് കാരണം. പന്ത് കിട്ടിയ മുഹമ്മദ് അല്‍യൂനുസിയുടെ ഷോട്ട് ഗോളി തടുത്തു. റീബൗണ്ടില്‍ മാറ്റ്‌സന് പിഴച്ചില്ല.
മാറ്റ്‌സനാണ് സിറ്റിയുടെ രണ്ടാം ഗോളിന് കാരണക്കാരന്‍. ക്ലിയറന്‍സ് ഡിബ്രൂയ്‌നെയുടെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞ് കിട്ടിയ സില്‍വ അത് വലയിലേക്ക് പായിച്ചു. പിന്നീട് കോപന്‍ഹാഗന്‍ ഗോളിയാണ് കൂടുതല്‍ ഗോള്‍ വീഴാതെ കാത്തത്. അവസാനം ഫോദന്‍ അവരുടെ ലീഡ് ഭദ്രമാക്കി.