നയ്റോബി - മാരത്തണ്‍ റെക്കോര്ഡുകാരന് കെവിന് കിപ്തം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ചു. ഞായറാഴ്ച പശ്ചിമ കെനിയയിലാണ് കിപ്തം വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തെക്കുറിച്ച് കെനിയന്‍ സര്‍ക്കര്‍ അന്വേഷിക്കണമെന്ന് പിതാവ് സാംസണ് ചെറുയോട് ആവശ്യപ്പെട്ടു. വെറും ഒരാഴ്ച മുമ്പാണ് കിപ്തമിന്റെ ലോക റെക്കോര്‍ഡ് ഇന്റര്‍നാഷനല്‍ അത്ലറ്റിക് ഫെഡറേഷന് അംഗീകരിച്ചത്.
ഏതാനും ദിവസം മുമ്പ് ചിലര്‍ കിപ്തമിനെ അന്വേഷിച്ചു വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ തെളിച്ചു പറഞ്ഞില്ല. രേഖകള്‍ ചോദിച്ചപ്പോള്‍ അവര്‍ സ്ഥലം വിടുകയാണ് ചെയ്തത്. ടി.വി വാര്‍ത്ത കാണുന്നതിനിടയിലാണ് മരണം അറിഞ്ഞത്. അവിടെയത്തുമ്പോഴേക്കും പോലീസ് മൃതദേഹം നീക്കം ചെയ്തിരുന്നു. കിപ്തം എന്റെ ഏക മകനാണ്. ഞാനും അവന്റെ അമ്മയും തകര്‍ന്നിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി ദുരൂഹത നീക്കണമെന്ന് പ്രാദേശിക ഗവര്‍ണറും ആവശ്യപ്പെട്ടു.
ഇരുപത്തിനാലുകാരന് കിപ്തമും കോച്ച് ഗെര്‍വായിസ് ഹാകിസിമാനയും ഞായറാഴ്ച രാത്രി 11 നാണ് വാഹനാപകടത്തില്‍ മരിച്ചത്. കിപ്തമാണ് കാറോടിച്ചിരുന്നത്. ഒരു യുവതി കൂടി വാഹനത്തിലുണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. എലിയുഡ് കിപ്ചോഗെയുടെ പേരിലുള്ള മാരത്തണ്‍ റെക്കോര്‍ഡ് 2023 ഒക്ടോബറില്‍ വന്‍ വ്യത്യാസത്തിലാണ് കിപ്തം മെച്ചപ്പെടുത്തിയത്. രണ്ട് മണിക്കൂറില്‍ താഴെ ഓടുന്ന ആദ്യ മാരത്തണ്് ഓട്ടക്കാരനാവുമെന്ന് കരുതപ്പെട്ടിരുന്നു.