മുംബൈ - രഞ്ജി ട്രോഫിയുള്‍പ്പെടെ ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഐ.പി.എല്ലിനും രാജ്യാന്തര മത്സരങ്ങള്‍ക്കും പ്രാധാന്യം നല്‍കുകയും ചെയ്യുന്ന രീതി തുടരാനാവില്ലെന്ന് കരാറിലുള്ള കളിക്കാര്‍ക്ക് ബി.സി.സി.ഐയുടെ താക്കീത്. ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് നിര്‍ദേശിച്ചിട്ടും രഞ്ജി മത്സരങ്ങളില്‍ പങ്കെടുക്കാതെ ഐ.പി.എല്ലിനായി പരിശീലനം തുടരുന്ന വിക്കറ്റ്കീപ്പര്‍ ഇശാന്റെ നടപടിയാണ് കര്‍ക്കശമായ നിലപാടെടുക്കാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്. 16 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ അടുത്ത മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണമെന്നാണ് ബോര്‍ഡിന്റെ അന്ത്യശാസനം.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹര്‍ എന്നിവര്‍ക്കും നിര്‍ദേശം ബാധകമായിരിക്കും. ക്രുനാലും ദീപകും രഞ്ജി കളിക്കാതെ ഐ.പി.എല്ലിന് തയാറെടുക്കുകയാണ്. എന്നാല്‍ ബി.സി.സി.ഐ ഫിറ്റ്‌നസ് സര്‍ടിഫിക്കറ്റ് നല്‍കിയിട്ടില്ലാത്ത ഹാര്‍ദിക് പാണ്ഡ്യക്കും അവധി നല്‍കിയ വിരാട് കോലിക്കും നിര്‍ദേശം ബാധകമല്ല