സാവൊപൗളൊ - ബ്രസീല്‍ എന്നത് ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചിലെ തീയാണ്. പലരും സ്വന്തം ടീമിനെക്കാളും ഇഷ്ടപ്പെടുന്നത് ബ്രസീലിനെയാണ്. പെലെയും ഗാരിഞ്ചയും റൊമാരിയോയും റൊണാള്‍ഡോയും നെയ്മാറും മുതല്‍ എന്‍ഡ്രിക് വരെയുള്ള കളിക്കാര്‍ ആ മഞ്ഞക്കുപ്പായത്തെ അനശ്വരമാക്കി ആരാധകഹൃദയങ്ങളില്‍ ജീവിക്കുന്നു. ഒരു കാലത്ത് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസും അങ്ങനെയായിരുന്നു. ക്ലൈവ് ലോയ്ഡും വീവ് റിച്ചാഡ്‌സും ജോയല്‍ ഗാര്‍നറും ആന്‍ഡി റോബര്‍ട്‌സും മൈക്കിള്‍ ഹോള്‍ഡിംഗും മാല്‍ക്കം മാര്‍ഷലും ജെഫു ഡൂജോണുമൊക്കെ വീരപുരുഷന്മാരായി ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനിന്നു. ഇന്ന് അവര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ പോലുമാവാതെ വിയര്‍ക്കുകയാണ്. അടുത്ത ഒളിംപിക്‌സിന് ബെര്‍ത്ത് നേടാന്‍ സാധിക്കാതെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ പുറത്തായപ്പോള്‍ ഒരു ചോദ്യമാണ് അന്തരീക്ഷത്തില്‍ ഉയരുന്നത്, കരീബിയന്‍ ക്രിക്കറ്റിന്റെ പാതയിലേക്കാണോ ബ്രസീല്‍ ഫുട്‌ബോള്‍ സഞ്ചരിക്കുന്നത്?
ഒളിംപിക് ടീമിന്റെ പരാജയം മാത്രമല്ല പ്രശ്‌നം, ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയത് 2002 ലാണ്. അവസാനമായി സെമിഫൈനലിലെത്തിയപ്പോള്‍ 2014 ല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജര്‍മനിയോട് 1-7 ന് തോറ്റു. വലിയ പ്രതീക്ഷകളോടെ ഖത്തര്‍ ലോകകപ്പിന് വന്നെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. കോച്ച് ടിറ്റെ രാജി വെച്ച ശേഷം നല്ലൊരു പരിശീലകനെ കണ്ടെത്താന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല. ഫഌമിനന്‍സ് ക്ലബ്ബിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്ന ഫെര്‍ണാണ്ടൊ ഡിനിസിനെ ബ്രസീലിന്റെ കൂടി ചുമതലയേല്‍പിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും ഡിനിസ് പരാജയമായി. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആറ് കളിയില്‍ മൂന്നും ബ്രസീല്‍ തോറ്റു. ആറാം സ്ഥാനത്താണ് അവര്‍. റയല്‍ മഡ്രീഡ് പരിശീലകനായ കാര്‍ലൊ ആഞ്ചലോട്ടി പരിശീലകനായി വരുമെന്ന് പ്രഖ്യാപിച്ച് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ നാണം കെട്ടു. താന്‍ സ്ഥാനമേറ്റെടുക്കുമെന്ന് ഒരിക്കല്‍ പോലും ആഞ്ചലോട്ടി പറഞ്ഞില്ല. ഒടുവില്‍ റയല്‍ മഡ്രീഡ് കരാര്‍ നീട്ടിയതോടെ ബ്രസീലിന്റെ ഓഫര്‍ നിരസിക്കുകയും ചെയ്തു. അതോടെ ഇരുട്ടിലായി ബ്രസീല്‍. ഡിനിസിനെ പുറത്താക്കി ദോറിവാല്‍ ജൂനിയറിനെ സ്ഥിരം പരിശീലകനായി പ്രഖ്യാപിക്കേണ്ടി വന്നു. വിലപ്പെട്ട ഒരു വര്‍ഷമാണ് ആഞ്ചലോട്ടിയെ കാത്തിരുന്ന് ബ്രസീല്‍ നഷ്ടപ്പെടുത്തിയതെന്ന മുന്‍ ബ്രസീല്‍ ലെഫറ്റ്ബാക്ക് ജൂനിയര്‍ പറയുന്നു. ഏറെ പ്രതീക്ഷ നല്‍കിയ ഡിനിസ് എന്ന യുവ കോച്ചിനെ നശിപ്പിക്കുകയും ചെയ്‌തെന്നും ജൂനിയര്‍ പരാതിപ്പെടുന്നു.
ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ അതിനെക്കാള്‍ വലിയ പ്രതിസന്ധിയിലാണ്. പ്രസിഡന്റിനെ കോടതി പുറത്താക്കിയതായിരുന്നു. ഫിഫ സസ്‌പെന്‍ഷന്‍ ഭീഷണി മുഴക്കിയതോടെ കോടതി തന്നെ അദ്ദേഹത്തെ പുനഃസ്ഥാപിച്ചു. ഇതേ രീതിയിലാണ് കരീബിയന്‍ ക്രിക്കറ്റും ദുരന്തത്തിലേക്ക് സഞ്ചരിച്ചത്.
കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകളിലും ചാമ്പ്യന്മാരിയരുന്നു ബ്രസീല്‍. ആദ്യമായല്ല ബ്രസീല്‍ ഒളിംപിക്‌സ് ഫുട്‌ബോളിന് യോഗ്യത നേടാതിരുന്നത്. 1992 ലും 2004 ലും ഒളിംപിക്‌സില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ അതൊക്കെ ചെറിയ തിരിച്ചടികളായിരുന്നു. ഇത് മുഴുപ്രതിസന്ധിയാണ്. നെയ്മാറിനു ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല. നെയ്മാര്‍ ഒക്ടോബര്‍ മുതല്‍ പരിക്കേറ്റ് പുറത്താണ്.
പതിനേഴുകാരന്‍ എന്‍ഡ്രിക് ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റില്‍ സാന്നിധ്യം തെളിയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ റയല്‍ മഡ്രീഡില്‍ ചേരാനൊരുങ്ങുന്ന യുവ താരത്തെ പ്രതീക്ഷകള്‍ തളര്‍ത്തി. ഏഴ് കളികളില്‍ രണ്ട് ഗോളാണ് അടിച്ചത്. അര്‍ജന്റീന നായകന്‍ തിയാഗൊ അല്‍മേഡ അഞ്ച് ഗോളടിച്ചു. പാരിസ് ഒളിംപിക്‌സില്‍ എന്‍ഡ്രിക്കും നെയ്മാറും ഒരുമിച്ചു കളിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
ബ്രസീല്‍ ആരാധകരുടെ നിരാശക്ക് ആക്കം കൂട്ടുന്നതാണ് അര്‍ജന്റീനയുടെ വിജയങ്ങള്‍. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ചാമ്പ്യന്മാരായി. ഒളിംപിക് യോഗ്യതാ റൗണ്ടിലും അര്‍ജന്റീനയോട് തോറ്റാണ് അവര്‍ പുറത്തായത്. 2021 ല്‍ അര്‍ജന്റീന ടീം കോപ അമേരിക്ക ചാമ്പ്യന്മാരായത് ബ്രസീലിനെ ഫൈനലില്‍ തോല്‍പിച്ചാണ്, അതും ബ്രസീല്‍ ഫുട്‌ബോളിന്റെ ഹൃദയസിംഹാസനമായ മാരക്കാനാ സ്റ്റേഡിയത്തില്‍. കഴിഞ്ഞ വര്‍ഷം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന വിജയം ആവര്‍ത്തിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹോം മത്സരം ബ്രസീല്‍ തോറ്റു.
1992 ല്‍ കഫുവും മാര്‍സിയൊ സാന്റോസും റോബര്‍ടൊ കാര്‍ലോസുമുള്‍പ്പെട്ട ടീമിന് ബാഴ്‌സലോണ ഒളിംപിക്‌സിന് യോഗ്യത നേടാനായില്ല. അവര്‍ അടുത്ത ലോകകപ്പ് നേടി മധുരപ്രതികാരം ചെയ്തു. മയ്‌കോണും ഡിയേഗോയും റോബിഞ്ഞോയുമുള്‍പ്പെട്ട ടീമിനാണ് 2004 ലെ ആതന്‍സ് ഒളിംപിക്‌സ് നഷ്ടപ്പെട്ടത്. അതിനു ശേഷം ലോകകപ്പില്‍ ബ്രസീല്‍ ചാമ്പ്യന്മാരായിട്ടില്ല. ദുഃഖകരമെന്നു പറയാം ഇപ്പോഴത്തെ തോല്‍വി കൂടുതല്‍ വലിയ പതനത്തിന്റെ സൂചനയാണ് നല്‍കുന്നത്.