രാജ്‌കോട് - ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആര് അരങ്ങേറും. മുംബൈയുടെ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ ഏറെക്കാലമായി ടെസ്റ്റ് ടീമിന്റെ വാതിലില്‍ മുട്ടുന്നുണ്ട്. രണ്ടാം ടെസ്റ്റില്‍ കെ.എല്‍ രാഹുലിന് പരിക്കേറ്റ ഒഴിവില്‍ സര്‍ഫറാസിനെ മറികടന്ന് രജത് പട്ടിധാര്‍ അരങ്ങേറി. മൂന്നാം ടെസ്റ്റിലും രാഹുല്‍ ഇല്ല. ശ്രേയസ് അയ്യരെ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സര്‍ഫറാസ് ടീമിലെത്താനാണ് സാധ്യത. കര്‍ണാടകയുടെ മലയാളി ബാറ്റര്‍ ദേവദത്ത് പടിക്കലിനെയും ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രവീന്ദ്ര ജദേജ മാച്ച് ഫിറ്റ്‌നസ് നേടിയിട്ടില്ലെന്നാണ് സൂചന. എങ്കില്‍ സര്‍ഫറാസിനെയും ദേവദത്തിനെയും മാറ്റിനിര്‍ത്തി വാഷിംഗ്ടണ്‍ സുന്ദറിനെയോ അക്ഷര്‍ പട്ടേലിനെയോ ഓള്‍റൗണ്ടറായി കളിപ്പിക്കുന്ന കാര്യവും ടീം പരിഗണിക്കും.
രാജ്‌കോട് പിച്ച് പരമ്പരാഗതമായി ഇന്ത്യയിലെ ഏറ്റവും ബാറ്റിംഗനുകൂല ഗ്രൗണ്ടുകളിലൊന്നാണ്. ചേതേശ്വര്‍ പൂജാരയും രവീന്ദ്ര ജദേജയും സൗരാഷ്ട്രക്കു വേണ്ടി കൊട്ടക്കണക്കിന് സെഞ്ചുറികളും ഡബ്ള്‍ സെഞ്ചുറികളും ട്രിപ്പിള്‍ സെഞ്ചുറിയും ഇവിടെ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ഫിറ്റ്‌നസ് തെളിയിക്കണമെന്ന നിബന്ധനയോടെ രാഹുലിനെ അവസാന മൂന്നു ടെസ്റ്റുകള്‍ക്കുള്ള പതിനേഴംഗ ടീമില്‍ ഉള്‍പെടുത്തിയിരുന്നു. വിരാട് കോലിയും ശ്രേയസ് അയ്യരും അവശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ കളിക്കുന്നില്ല. ചേതേശ്വര്‍ പൂജാര ആഭ്യന്തര മത്സരങ്ങളില്‍ മികച്ച ഫോമിലാണെങ്കിലും തിരിച്ചുവിളിക്കേണ്ടെന്ന നിലപാടിലാണ് സെലക്ടര്‍മാര്‍. ദേവദത്ത് നാല് രഞ്ജി ട്രോഫി മത്സരങ്ങളില്‍ 555 റണ്‍സടിച്ച് മിന്നുന്ന ഫോമിലാണ്. മൂന്ന് സെഞ്ചുറികളുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന മത്സരത്തിലും സെഞ്ചുറി സ്വന്തമാക്കി.
ടെസ്റ്റ് ടീമിലേക്ക് ആദ്യമായാണ് ദേവദത്ത് പരിഗണിക്കപ്പെടുന്നത്. 2021 ജൂലൈയില്‍ ശ്രീലങ്കക്കെതിരെ രണ്ട് ട്വന്റി20യില്‍ ഇടങ്കൈയന്‍ ഇന്ത്യന്‍ കുപ്പായമിട്ടിരുന്നു.