രാജ്‌കോട് - ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മുസ്‌ലിം കളിക്കാര്‍ക്ക് പ്രത്യേക വിസാ പരിശോധനകള്‍ ഇന്ത്യ നടത്തുന്നുണ്ടെന്ന് വീണ്ടും സൂചന. സ്പിന്നര്‍ റിഹാന്‍ അഹമ്മദിനെ വിസ പ്രശ്‌നങ്ങള്‍ കാരണം രാജ്‌കോട് വിമാനത്താവളത്തില്‍ ഏറെ സമയം തടഞ്ഞു. രണ്ടാം ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് ടീം അബുദാബിയില്‍ സമയം ചെലവിട്ട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായിരുന്നു. പരമ്പര തുടങ്ങുന്നതിന് മുമ്പ് ഇംഗ്ലണ്ട് സ്പിന്നര്‍ ശുഐബ് ബഷീറിനും വിസ പ്രശ്‌നങ്ങള്‍ കാരണം യാത്ര വൈകിയിരുന്നു. ബഷീറിന് ഇതു കാരണം ആദ്യ ടെസ്റ്റില്‍ പങ്കെടുക്കാനായില്ല.
സിംഗിള്‍ റീഎന്‍ട്രി വിസയാണ് റിഹാന് ആദ്യം അനുവദിച്ചതെന്നും അതു കാരണമാണ് തിരിച്ചുവന്നപ്പോള്‍ പ്രവേശനം നിഷേധിച്ചതെന്നും സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. താല്‍ക്കാലികമായി റിഹാന് പ്രവേശനം അനുവദിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടുമെന്ന് ഇംഗ്ലണ്ട് ടീം പ്രത്യാശിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ എല്ലാ കളിക്കാരും രാജ്‌കോട്ടിലെ ഹോട്ടലിലെത്തി.
ബഷീറും റിഹാനും പാക്കിസ്ഥാനി കുടുംബത്തില്‍ ഇംഗ്ലണ്ടിലാണ് ജനിച്ചത്. ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റിന് സംഭവിച്ച പിഴവാകാം ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് കരുതുന്നു. ലോകകപ്പ് ടീമില്‍ സ്റ്റാന്റ്‌ബൈയായി വരാന്‍ അനുവദിച്ച വിസയാണ് റിഹാനുണ്ടായിരുന്നത്. ഈ വിസയുടെ കാലാവധി അവസാനിച്ച വിവരം അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നാണ് സൂചന.
റിഹാന് ഇന്ന് പരിശീലനത്തില്‍ പങ്കെടുക്കാമെന്ന് ബി.സി.സി.ഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ടെസ്റ്റിനു ശേഷം ഇംഗ്ലണ്ട് ടീം ആറു ദിവസമാണ് അബുദാബിയില്‍ അവധിയാഘോഷിച്ചത്.
പരമ്പര തുടങ്ങുന്നതിന് മുമ്പ് അബുദാബിയില്‍ നിന്ന് പുറപ്പെടുന്നതിന്റെ രാവിലെയാണ് തനിക്ക് വിസ ലഭിച്ചതെന്നും വിസ നിഷേധിക്കപ്പെട്ടുവെന്നാണ് കരുതിയതെന്നും പെയ്‌സ്ബൗളര്‍ ഒല്ലി റോബിന്‍സന്‍ അറിയിച്ചു.
റിഹാന്‍ പരമ്പരയിലെ രണ്ട് ടെസ്റ്റിലും കളിച്ചിരുന്നു. എട്ട് വിക്കറ്റും 70 റണ്‍സും നേടി. രണ്ടാം ടെസ്റ്റില്‍ നൈറ്റ് വാച്ചമാനായി ഇറങ്ങി 23 റണ്‍സടിച്ചിരുന്നു.