പാരിസ് - ലാറ്റിനമേരിക്കയിൽ നിന്ന് അർജന്റീന യോഗ്യത നേടിയതോടെ പാരിസ് ഒളിംപിക്‌സിൽ ലിയണൽ മെസ്സി കളിക്കുമോയെന്ന് ചോദ്യമുയർന്നു തുടങ്ങി. ആതിഥേയരെന്ന നിലയിൽ ഫ്രാൻസ് ഒളിംപിക്‌സ് ഫുട്‌ബോളിനുണ്ടാവും. സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിംപിക്‌സിൽ സൂപ്പർ സ്‌ട്രൈക്കർ കീലിയൻ എംബാപ്പെയെ ഫ്രാൻസിന്റെ ടീമിൽ ഉൾപെടുത്തുമെന്ന് ഏതാണ്ടുറപ്പാണ്. ഒളിംപിക്‌സ് പ്രധാനമായും അണ്ടർ-23 കളിക്കാർക്കുള്ളതാണെങ്കിലും പ്രായക്കൂടുതലുള്ള മൂന്നു പേരെ ടീമിലുൾപെടുത്താം. ഒളിംപിക്‌സിൽ ഒരു സ്വർണം കൂടി നേടാൻ ലിയണൽ മെസ്സിക്ക് അർജന്റീന അവസരം നൽകുമോ? മെസ്സി കളിക്കാൻ സന്നദ്ധനാവുകയാണെങ്കിൽ ക്യാപ്റ്റൻ സ്ഥാനം സന്തോഷപൂർവം ഒഴിഞ്ഞുകൊടുക്കുമെന്ന് ഒളിംപിക് ടീമിന്റെ നായകൻ തിയാഗൊ അൽമേഡ പ്രഖ്യാപിച്ചു. 2022 ലെ ഖത്തർ ലോകകപ്പ് ഫൈനലിൽ മെസ്സി നയിച്ച അർജന്റീനയും എംബാപ്പെ നേതൃത്വം നൽകിയ ഫ്രാൻസും തമ്മിലുള്ള ഫൈനൽ ഐതിഹാസികമായിരുന്നു. എംബാപ്പെ ഹാട്രിക്കും മെസ്സി രണ്ടു ഗോളും നേടിയ മത്സരം ഷൂട്ടൗട്ടിലാണ് അർജന്റീന ജയിച്ചത്.
മെസ്സിക്ക് അർജന്റീനാ ടീമിന്റെ വാതിൽ തുറന്നു വെച്ചിരിക്കുകയാണെന്ന് പഴയ സഹതാരം കൂടിയായ അർജന്റീനാ ഒളിംപിക് ടീമിന്റെ കോച്ച് ഹവിയർ മഷെരാനൊ പ്രഖ്യാപിച്ചു. എംബാപ്പെയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ദെ പ്രാൻസസ് സ്റ്റേഡിയത്തിലാണ് ഓഗസ്റ്റ് ഒമ്പതിന് ഒളിംപിക്‌സ് ഫുട്‌ബോൾ ഫൈനൽ. ഓരോ കായികതാരത്തിന്റെയും മനസ്സിൽ ഒളിംപിക്‌സിന് പ്രത്യേക സ്ഥാനമുണ്ടെന്നും ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർക്കാൻ ആഗ്രഹമുണ്ടെന്നും കഴിഞ്ഞ ദിവസം എംബാപ്പെ പറഞ്ഞിരുന്നു.
2004 ലെ ആതൻസ് ഒളിംപിക്‌സിലും 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സിലും അർജന്റീനയായിരുന്നു ചാമ്പ്യന്മാർ. ബെയ്ജിംഗിൽ ലിയണൽ മെസ്സിയായിരുന്നു നായകൻ. 2004 ൽ പാരഗ്വായെയാണ് അർജന്റീന ഫൈനലിൽ തോൽപിച്ചത്. ടോക്കിയൊ ഒളിംപിക്‌സിൽ ഫുട്‌ബോൾ സ്വർണം നേടിയ ബ്രസീലിനെ തോൽപിച്ചാണ് അർജന്റീന ഒളിംപിക്‌സിന് യോഗ്യത നേടിയത്