ബെനോനി -അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയില്‍ നിന്നേറ്റ തോല്‍വി ദഹിക്കാനാവാതെ ഇന്ത്യന്‍ കളിക്കാര്‍. സീനിയര്‍ ടീമില്‍ നിന്ന് വ്യത്യസ്തമായി ഓസ്‌ട്രേലിയയുടെ ജൂനിയര്‍ ടീം അത്ര ശക്തരൊന്നുമായിരുന്നില്ല. 2012 നു ശേഷം അണ്ടര്‍-19 തലത്തില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നുള്ള പത്ത് കളികളും ഇന്ത്യയാണ് ജയിച്ചത്. അണ്ടര്‍-19 ലോകകപ്പില്‍ അവര്‍ ഇന്ത്യയെ അവസാനം തോല്‍പിച്ചത് 1998 ലാണ്. തുടര്‍ന്നുള്ള ആറ് ലോകകപ്പ് മത്സരങ്ങളിലും ഇന്ത്യക്കു മുന്നില്‍ അവര്‍ക്ക് അടിതെറ്റി. 2012 ലും 2018 ലും ഫൈനലില്‍ ഇന്ത്യ തോല്‍പിച്ചത് ഓസ്‌ട്രേലിയയയാണ്. എന്നാല്‍ ബെനോനിയില്‍ ഏകപക്ഷീയ വിജയത്തോടെ ഓസ്‌ട്രേലിയ നാലാം തവണ അണ്ടര്‍-19 ചാമ്പ്യന്മാരായി. നാലാം തവണയാണ് അവര്‍ കിരീടം നേടിയത് -1998, 2002, 2010 വര്‍ഷങ്ങളിലാണ് അവര്‍ മുമ്പ് കിരീടം നേടിയത്. ഇന്ത്യ മാത്രമേ കൂടുതല്‍ തവണ ചാമ്പ്യന്മാരായിട്ടുള്ളൂ -അഞ്ച് തവണ.
ഇന്ത്യ നാലാം തവണയാണ് ഫൈനല്‍ തോറ്റത്. മറ്റൊരു ടീമും ഇത്ര തവണ ഫൈനലില്‍ തോറ്റിട്ടില്ല. ഫൈനലിലെ റെക്കോര്‍ഡ് സ്‌കോറായ ഏഴിന് 253 പടുത്തുയര്‍ത്താന്‍ ഇന്ത്യന്‍ വംശജനായ ഹര്‍ജാസ് സിംഗാണ് ഓസ്‌ട്രേലിയയെ സഹായിച്ചത്.
ഈ ഫൈനലിന് മുമ്പ് ചെയ്‌സ് ചെയ്ത അവസാന 22 മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. 2018 ല്‍ ശ്രീലങ്കക്കെതിരെയാണ് രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ അവസാനം തോറ്റത്.
അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ കിരീടം അടിയറ വെച്ചതില്‍ അദ്ഭുതമില്ല. ഒരു ടീമിനു മാത്രമേ ഇതുവരെ തുടര്‍ച്ചയായി കിരീടം നേടാന്‍ സാധിച്ചിട്ടുള്ളൂ -2004 ലും 2006 ലും പാക്കിസ്ഥാന്. 2010 ല്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ 2012 ല്‍ ഫൈനലില്‍ തോറ്റു. 2018 ലും 2022 ലും ചാമ്പ്യന്മാരായ ഇന്ത്യ 2020 ലും 2024 ലും ഫൈനലില്‍ കീഴടങ്ങി.
മുമ്പ് മൂന്നു തവണയേ ഇന്ത്യ അണ്ടര്‍-19 ലോകകപ്പില്‍ 250 ലേറെ റണ്‍സ് വഴങ്ങിയിട്ടുള്ളൂ. അതില്‍ രണ്ടിലും ഇന്ത്യ മുന്നൂറിലേറെ റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 250 ലേറെ റണ്‍സ് വഴങ്ങി തോറ്റ ഒരേയൊരു കളി 2002 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു.
ഈ ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ 397 റണ്‍സടിച്ചു. ഓസ്‌ട്രേലിയയുടെ കാമറൂണ്‍ വൈറ്റ് മാത്രമേ (2002) ഇതിനെക്കാള്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഇത്തവണ ഒരു കളിയിലും ഓപണിംഗ് വിക്കറ്റില്‍ ഇന്ത്യക്ക് 50 റണ്‍സടിക്കാനായില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനും സീനിയര്‍ ലോകകപ്പ് ഫൈനലിനും പിന്നാലെയാണ് അണ്ടര്‍-19 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പിച്ചത്. തീര്‍ത്തും ഏകപക്ഷീയമായ ഫൈനലില്‍ ഇന്ത്യ 79 റണ്‍സിന് തോറ്റു.. ഏഴിന് 253 റണ്‍സെടുത്ത ഓസീസിനെതിരെ ഇന്ത്യയുടെ പ്രമുഖ ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. 43.5 ഓവറില്‍ 174 ന് ചാമ്പ്യന്മാര്‍ ഓളൗട്ടായി. ഓപണര്‍ ആദര്‍ശ് സിംഗും (47) മുശീര്‍ ഖാനും (22) മുരുഗന്‍ അഭിഷേകും (42) നമാന്‍ തിവാരിയും മാത്രമാണ് രണ്ടക്കം കണ്ടത്.