കൊച്ചി - കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഉരുക്കുകോട്ടയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കിരീടസ്വപ്‌നങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പിച്ച് വാലറ്റക്കാരായ പഞ്ചാബ് എഫ്.സി. ആദ്യം ഗോളടിച്ച മഞ്ഞപ്പടയെ തുടരെ മൂന്നു ഗോള്‍ മടക്കി പഞ്ചാബ് എഫ്.സി മുട്ടുകുത്തിച്ചു. ഈ സീസണിലെ 14 കളികളില്‍ പഞ്ചാബിന്റെ മൂന്നാമത്തെ മാത്രം ജയമാണ് ഇത്. ജയിച്ചിരുന്നുവെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം സ്ഥാനത്തേക്കുയരാമായിരുന്നു. 14 കളിയില്‍ 26 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.
മിലോസ് ദ്രിന്‍സിച്ചിലൂടെ 39ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം വല കുലുക്കിയത്. ലീഡിന് പക്ഷെ മൂന്നു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായുള്ളൂ. വില്‍മര്‍ ജോര്‍ദാന്‍ ഗില്ലിലൂടെ പഞ്ചാബ് തിരിച്ചടിച്ചു. 61 ാം മിനിറ്റില്‍ വില്‍മര്‍ വീണ്ടും ആതിഥേയരുടെ നെഞ്ചകത്തിലൂടെ വെടിയുണ്ട പായിച്ചു. 88ാം മിനിറ്റില്‍ മുന്‍ ഗോകുലം കേരള താരം ലൂക്ക മയ്‌സന്റെ പെനാല്‍ട്ടി ഗോള്‍ പഞ്ചാബിന്റെ വിജയമുറപ്പിച്ചു.